പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമ പരിശോധന തുടങ്ങി സംസ്ഥാന സർക്കാർ; സുപ്രീംകോടതിയെ സമീപിക്കാൻ നീക്കം
രാജ്യത്തെ പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് നിയമ പരിശോധന തുടങ്ങി സംസ്ഥാന സർക്കാർ. നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. നിയമ ഭേദഗതിക്കെതിരെ യുഡിഎഫും കടുത്ത സമരത്തിലേക്ക് നീങ്ങുകയാണ്. നാളെ ചേരുന്ന കെപിസിസി നേതൃയോഗം തുടർ സമര പരിപാടികൾ തീരുമാനിക്കും.
അതേസമയം, നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹർജി നൽകും.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. രണ്ടായിരത്തി പത്തൊമ്പതിൽ പ്രതിഷേധങ്ങൾക്ക് ശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്.