അനുചിതമായ പ്രസ്താവന പിൻവലിച്ച് അലൻസിയർ ഖേദം രേഖപ്പെടുത്തണം: മന്ത്രി ചിഞ്ചു റാണി
നടൻ അലൻസിയറിൻ്റെ പെൺപ്രതിമ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്കാരം ഏറ്റുവാങ്ങി അലൻസിയർ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മനസ്സിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന എന്നാണ് ചിഞ്ചുറാണി പറയുന്നത്.
'സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നൽകുന്നത്. സർഗ്ഗാത്മകതയുള്ള ഒരു കലാകാരനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലൻസിയറുടെ ഭാഗത്ത് നിന്നുമുണ്ടായത്. അനുചിതമായ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണം', മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ പരാമർശം വിവാദത്തിലായിരുന്നു പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നൽകേണ്ടതെന്നുമായിരുന്നു അലൻസിയർ പറഞ്ഞത്. സ്പെഷ്യൽ ജൂറി പുരസ്കാരം വാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
ഇതിന്റെ വീഡിയോകളും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രോഷം കത്തുകയാണ്. പരാമർശം വിവാദമായെങ്കിലും തന്റെ പരാമർശത്തിൽ ഉറച്ച് നില്‍ക്കുകയാണ് നടൻ അലൻസിയർ. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും അലൻസിയർ വ്യക്തമാക്കി. താനൊരു സ്ത്രീവിരുദ്ധൻ ഒന്നുമല്ലെന്നും അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെൺകൂട്ടായ്മക്ക് ഉണ്ടാകണമെന്നും അലൻസിയർ പറഞ്ഞു.