മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി വകമാറ്റിയ കേസ്; പരാതിക്കാരനെതിരെ ലോകായുക്ത, കേസ് മാറ്റി വെക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതെന്നും പരിഹാസം
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി വകമാറ്റി എന്ന് കാട്ടി ലോകായുക്തയ്ക്ക് പരാതി നൽകിയ ആർ എസ് ശശികുമാറിനെതിരെയാണ് ലോകായുക്തയുടെ പരിഹാസം. കേസ് ഇടക്കിടെ മാറ്റി വെക്കുന്നത് നല്ലതാണെന്നും ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും ഉപലോകായുക്ത ചോദിച്ചു. 'ഈ കേസ് ഒന്ന് തലയിൽ നിന്ന് പോയാൽ അത്രയും നല്ലതാണെന്നും' ലോകായുക്ത വ്യക്തമാക്കി. കേസ് ഇടക്കിടെ മാറ്റി വെക്കാൻ ആവശ്യപ്പെടാതെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാനും ലോകായുക്ത ആവശ്യപ്പെട്ടു. നേരത്തെയും പരാതിക്കാരനായ ശശികുമാറിനെതിരെ വിമർശനവും പരിഹാസവും ലോകായുക്ത നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പരാതിക്കാരന്റെ അഭിഭാഷകൻ ലോകായുക്തയോട് ഈ കേസ് ഇപ്പോൾ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടത് . നിലവിൽ ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കരുതെന്നായിരുന്ന ആവശ്യം. ഈ ആവശ്യത്തെയാണ് ലോകായുക്ത പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തത്
അതേസമയം പരാതിക്കാരനെതിരെ ലോകായുക്തയും ഉപലോകായുക്തയും പരിഹാസവും വിമർശനവും ഉന്നയിച്ചെങ്കിലും കേസ് മാറ്റണമെന്ന ആവശ്യം അംഗീകരിച്ചു. ഈ മാസം ഇരുപതിലേക്ക് പരിഗണിക്കാനായാണ് മാറ്റിയത്. ഒരു ഘട്ടത്തിൽ ലോകായുക്ത കേസ് അന്വേഷിക്കാൻ ഉത്തരവ് ഇട്ടിരുന്നു. എന്നാൽ ഇത് വീണ്ടും പരിഗണിക്കാൻ ഫുൾബെഞ്ചിന്റെ പരിഗണനയിലേക്ക് വിട്ട നടപടി ശരിയല്ലെന്ന് കാട്ടിയാണ് പരാതിക്കാരൻ ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.