ഓണച്ചന്തകൾ ആരംഭിക്കാനിരിക്കെ അരിക്കും പരിപ്പിനും വില കൂട്ടി സപ്ലൈകോ; ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരരുതെന്ന് ചെന്നിത്തല

Update: 2024-09-05 07:28 GMT

ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. 'കുറുവ'യുടെ വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30ൽനിന്നു 33 രൂപയാക്കിയിരുന്നു. പച്ചരി വില കിലോഗ്രാമിന് 26ൽനിന്ന് 29 രൂപ ആക്കേണ്ടി വരുമെന്നു മന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവിൽ വന്നിട്ടില്ല.

13 ഇനം സബ്‌സിഡി സാധനങ്ങളിലെ നാലിനം അരിയിൽ 'ജയ'യ്ക്കു മാത്രമാണു വില വർധിപ്പിക്കാത്തത്. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയിൽനിന്ന് 115 ആക്കി. ചെറുപയറിന്റെ വില 92 രൂപയിൽനിന്ന് 90 ആയി കുറച്ചു. പഞ്ചസാരയുടെ വില കിലോയ്ക്ക് 27 രൂപയിൽനിന്ന് 33 ആക്കിയിരുന്നു. പൊതു വിപണിയിലേതിന് ആനുപാതികമായി സബ്‌സിഡി സാധനങ്ങളുടെ വിലയും പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ഓണക്കാലത്ത് സപ്ളൈകോ ചന്തകൾ വഴി വിൽക്കുന്ന അവശ്യവസ്തുക്കളുടെ വില വർധിപ്പിച്ചത് ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ വിലവർധന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ ഒരു പൊൻതൂവൽ കൂടിയായി മാറിയിരിക്കുന്നു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണ്. സർക്കാരിന്റെ ധൂർത്തിനു പണം കണ്ടെത്താൻ പാവം ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരരുത്.

സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്ളൈകോയെ ആശ്രയിക്കുന്നത്. നിത്യവൃത്തിക്കു പോലും വഴിയില്ലാതെ പൊറുതിമുട്ടുന്ന അവരെ പിഴിഞ്ഞെടുക്കരുത്. സപ്ളൈകോയുടെ ഈ വിലവർധനവ് ജനദ്രോഹപരമാണ്. അടിയന്തിരമായി പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Tags:    

Similar News