മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ്‌ഗോപിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത് വൈകും
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്സിൽ സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത് വൈകും. കുറ്റപത്രം നൽകുന്നതിലുള്ള സാങ്കേതിക തടസ്സങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചർച്ചചെയ്തു. രണ്ടാഴ്ച കൂടി കഴിഞ്ഞ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് പൊലീസ് നീക്കം.
നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ 180 ഓളം പേജുള്ള കുറ്റപത്രം തയ്യാറായിട്ടുണ്ട്. കേസിൽ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേർത്തിരുന്നത്. ലൈംഗിക ദുസ്സൂചനയോടെ സ്പർശം എന്ന കുറ്റം ഉൾപ്പെടുന്നതാണിത്. തുടരന്വേഷണത്തിൽ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പർശിച്ച കുറ്റത്തിനുള്ള 354ാം വകുപ്പു കൂടി പൊലീസ് ചേർത്തു. ഇതെല്ലാം ഉൾപ്പെടുത്തിയാണ് കുറ്റപത്രം. കുറ്റപത്രം വിലയിരുത്തലിനായി ഉന്നത ഉദ്യോഗസ്ഥർക്ക് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചിട്ടുണ്ട്. അവർ ഇത് വിലയിരുത്തിയ ശേഷം രണ്ടാഴ്ചക്ക് ശേഷമേ കോടതിയിൽ സമർപ്പിക്കൂ എന്നാണ് ലഭിക്കുന്ന സൂചന.