സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ജാഗ്രതാ നിർദേശം, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Update: 2023-09-02 05:54 GMT

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥ വകുപ്പ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി മിതമായ മഴ കിട്ടാനും സാധ്യതയുണ്ട്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറും. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് ഒരു ഇടവേളയ്ക്ക് ശേഷം കാലവർഷം മെച്ചപ്പെടുന്നത്. തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മൂഴിയാർ, മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. രണ്ടിടങ്ങളിൽ ഉരുൾപൊട്ടിയ സാഹചര്യത്തിൽ നദികളിൽ ജലനിരപ്പ് ഉയർന്നു. ജാഗ്രത നിർദ്ദേശം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ സാഹചര്യത്തിൽ ഗവി യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി. 

Tags:    

Similar News