കേരളത്തിന് ആശ്വാസം; 13,600 കോടി കടമെടുപ്പിന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

Update: 2024-03-06 07:39 GMT

കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. കടമെടുപ്പ് അനുവദിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന വ്യവസ്ഥ വച്ച കേന്ദ്ര സർക്കാർ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. കേസുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിന് കേരളവും കേന്ദ്രവും വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശിച്ചു. ഇക്കാര്യം കേന്ദ്രവും കേരളവും അംഗീകരിച്ചു. 

വാദത്തിനിടെ കേന്ദ്ര സർക്കാർ പറയുന്ന തുക വാങ്ങിക്കൂടെയെന്നു കോടതി ആരാഞ്ഞു. വാങ്ങാമെന്നു വ്യക്തമാക്കിയ കേരളം 15000 കോടി രൂപ കൂടി വേണമെന്നാവശ്യപ്പെട്ടു. 26000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

കേന്ദ്ര സർക്കാർ പണം നൽകണമെന്നതല്ല സംസ്ഥാനത്തിന്റെ ആവശ്യമെന്നു വാദത്തിനിടെ കേരളം വ്യക്തമാക്കി. കടമെടുക്കാൻ അനുമതി നൽകണം എന്നതാണ് ആവശ്യം. ഒരുകാലത്ത് 98 ശതമാനം വരെ കടമെടുപ്പിനായിരുന്നു കേന്ദ്രത്തെ ആശ്രയിച്ചത്. ഇപ്പോൾ 3 ശതമാനത്തിൽ താഴെ മാത്രമാണ് ആവശ്യമുന്നയിക്കുന്നത്. സ്വയംഭരണ സ്ഥാപനങ്ങളുടെ കടവും സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണെന്നും കേരളം ചൂണ്ടിക്കാട്ടി. 12000 കോടി രൂപ സമാഹരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും കേരളം വ്യക്തമാക്കി. 

Tags:    

Similar News