കേന്ദ്രമന്ത്രി മാധ്യമ പ്രവർത്തകരെ തട്ടിമാറ്റിയത് സി.പി.എമ്മിന്റെ എം.എൽ.എയെ രക്ഷിക്കാൻ; വിഡി സതീശൻ

Update: 2024-08-28 07:16 GMT

സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ നടത്തുന്ന കോൺക്ലേവ് തടയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺക്ലേവ് നടത്താൻ യുഡിഎഫ് അനുവദിക്കില്ല. സർക്കാർ ഒളിച്ചുകളിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സിനിമ മേഖലയിലുള്ള എല്ലാവരേയും സംശയത്തിന്റെ മുനയിൽ നിർത്തുകയാണ്. സർക്കാർ പരിഹാരം ഉണ്ടാക്കണം.

കുറ്റക്കാരെ സർക്കാർ ഒളിപ്പിക്കുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിൽ എന്തു കൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പേജുകൾ ആരെ രക്ഷിക്കാനാണ് വെട്ടിമാറ്റിയതെന്ന് വ്യക്തമാക്കണം. ആരോപണ വിധേയേരെ ഇരകൾക്കൊപ്പം ഇരുത്തി എന്തിന് കോൺക്ലേവ് നടത്തുന്നു എന്നതാണ് ചോദ്യം. എന്തിനാണ് സർക്കാർ സ്ത്രീവിരുദ്ധ നിലപാടുകൾ എപ്പോഴും സ്വീകരിക്കുന്നത്. ബിജെപി കേന്ദ്ര മന്ത്രി സിപിഎം നേതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളും സതീശൻ ഉന്നയിച്ചു.

1. കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ടാണ് സർക്കാർ അന്വേഷണം നടത്താത്തത്?

2. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176 (1) വകുപ്പും ഭാരതീയ ന്യായ സംഹിതയുടെ 199 (സി) വകുപ്പും പോക്സോ ആക്ടിലെ 21 വകുപ്പും അനുസരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമങ്ങൾ മറച്ചു വയ്ക്കുന്നത് കുറ്റകരമാണ്. എന്നിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?

3. ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകിയപ്പോൾ സംസ്ഥാന വിവരാവകാശ കമ്മീഷൻ പറഞ്ഞതിലും കൂടുതൽ പേജുകളും ഖണ്ഡികകളും സർക്കാർ വെട്ടിമാറ്റി കൃത്രിമത്വം കാട്ടിയത് ആരെ രക്ഷിക്കാനാണ്?

4. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന കൊടും ക്രൂരതകൾക്കൊപ്പം മയക്കുമരുന്നിന്റേയും മറ്റ് ലഹരി പദാർഥങ്ങളുടെയും അനിയത്രിത ഉപയോഗവും അതുണ്ടാക്കുന്ന ഭീകരാവസ്ഥയെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാർ എന്ത് നടപടി സ്വീകരിച്ചു?

5. എന്തുകൊണ്ടാണ് സർക്കാർ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്?

ഈ 5 ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരവും തീരുമാനവും ഉണ്ടായാൽ ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകും. തൊഴിലിടമെന്ന നിലയിൽ എല്ലാവരെയും സംരക്ഷിക്കുന്ന തീരുമാനങ്ങൾ എടുക്കണം. സി.പി.എമ്മിന്റെ എംഎൽഎയെ രക്ഷിക്കാൻ ബി.ജെ.പിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്. കേന്ദ്രമന്ത്രി മാധ്യമ പ്രവർത്തകരെ തട്ടിമാറ്റിയത് സി.പി.എമ്മിന്റെ എം.എൽ.എയെ രക്ഷിക്കുന്നതിന് വേണ്ടിയാണ്.

ഇരകളെയും വേട്ടക്കാരെയം ഒന്നിച്ച് ഇരുത്തിയുള്ള സിനിമ കോൺക്ലേവ് അനുവദിക്കില്ല. മുകേഷ് രാജി വയ്ക്കണമോയെന്ന് അദ്ദേഹവും സി.പി.എമ്മും തീരുമാനിക്കട്ടെ. പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാർ ഒന്നാം പ്രതിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags:    

Similar News