കടമെടുപ്പ്; 5000 കോടി നൽകാമെന്ന് കേന്ദ്രം; തികയില്ലെന്ന് കേരളം, 10000 കോടി ഉടൻ വേണം

Update: 2024-03-13 06:41 GMT

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം തള്ളി സർക്കാർ.5000 കോടി വായ്പയായി നൽകാമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ ഇത് പോരെന്നും 10,000 കോടി വേണമെന്നും കേരളം ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധിയിൽ ബുധനാഴ്ച നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

സുപ്രീം കോടതി പറഞ്ഞതു കൊണ്ടാണ് ഇതു സമ്മതിക്കുന്നതെന്നാണ് വാദപ്രതിവാദത്തിനിടെ കോടതിയിൽ കേന്ദ്രം പ്രതികരിച്ചത്. അടുത്ത സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിലെ തുക ഉടൻ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി. 5000 കോടി വാങ്ങിക്കൂടെയെന്ന് സുപ്രീംകോടതി കേരളത്തോട് ആരായുകയും ചെയ്തു. എന്നാൽ 5,000 കോടി ഒന്നുമാകില്ലെന്നും 10,000 കോടിയെങ്കിലും കിട്ടണമെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു.

കേരളത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ ചൊവ്വാഴ്ച ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വിഷയം പരാമർശിച്ചപ്പോഴാണ് കോടതി ഈ അഭിപ്രായം മുന്നോട്ടുവെച്ചത്. കടമെടുപ്പ് പരിധിയിൽ ഈ സാമ്പത്തിക വർഷം കേരളത്തിന് ഒറ്റത്തവണ ഇളവ് അനുവദിക്കുന്ന കാര്യം ആലോചിക്കാനും കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. 19,352 കോടി രൂപ കടമെടുപ്പിനുള്ള അനുമതിയാണ് കേരളം തേടിയത്. ഇതു സംബന്ധിച്ച് കേരളം നൽകിയ ഹരജിയിൽ ഈ മാസം 21ന് സുപ്രീംകോടതി വാദം കേൾക്കും. വിശദമായ വാദം കേൾക്കലിന് ശേഷം വായ്പയെടുപ്പ് സംബന്ധിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കും.

Tags:    

Similar News