കടമെടുപ്പു പരിധിയിൽ നേരത്തെ വാദം കേള്‍ക്കണമെന്ന് കേരളം, പരിഗണിക്കാമെന്ന് സുപ്രീം കോടതി

Update: 2024-08-30 10:18 GMT

കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം നല്‍കിയ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല. ഇതിനായി രജിസ്ട്രി നടപടി തുടങ്ങിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം ബെഞ്ചിനു മുന്നിലെത്തിയത്. ഇക്കാര്യം പരിഗണിക്കുമെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനെ ബെഞ്ച് അറിയിച്ചു.കടമെടുപ്പ് പരിധി ഉയര്‍ത്തിക്കിട്ടാന്‍ സംസ്ഥാനത്തിന് നിയമപരമായ അവകാശമുണ്ടെന്നാണ് കേരളത്തിന്റെ വാദം.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിട്ട് ഏപ്രില്‍ ഒന്നിന് ഉത്തരവു പുറപ്പെടുവിച്ചത്. കടമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന, ഭരണഘടനയുടെ 293-ാം അനുച്ഛേദം ഇതുവരെ ജൂഡീഷ്യല്‍ പരിശോധനയ്ക്കു വിധേയമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി.

Tags:    

Similar News