പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്ത്. ഇടത്-വലത് മുന്നണികളെപ്പോലെ ബി.ജെ.പിക്കും കേരളത്തില്‍ സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലല്ലെന്നും അദ്ദേഹം ഈസ്റ്റർ ദിനത്തിൽ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തെ, നായര്‍ സമുദായത്തിനും കോണ്‍ഗ്രസുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ക്രമേണ അത് കുറഞ്ഞുവന്നു. കോണ്‍ഗ്രസില്‍ പ്രതീക്ഷയില്ലാത്തതിനാലാണ് ഒരുവിഭാഗം ഇടതുപക്ഷത്തേക്ക് മാറിയത്. എന്നാല്‍, പല സാഹചര്യങ്ങളിലും അവര്‍ക്കും പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല. അതിനാല്‍, ആളുകള്‍ മറ്റൊരു സാധ്യത തേടുന്നത് സ്വാഭാവികമാണ്. അങ്ങനെയാണ് ബി.ജെ.പിയലേക്ക് ആളുകള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ ആശയത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ പള്ളികളിലും അമ്പലങ്ങളിലും പോകുന്നതിനെ എതിര്‍ത്തിരുന്നവര്‍ ഇന്നത് പ്രോത്സാഹിപ്പിക്കുകയാണ്. ബി.ജെ.പി. നേതാക്കള്‍ തന്നെ കാണാന്‍ വരാറുണ്ട്. എന്നാല്‍, ഔദ്യോഗികമായി ഇതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. ആര്‍.എസ്.എസ്. നേതാക്കളും വന്നുകണ്ടിട്ടുണ്ട്. അവര്‍ എന്നെ സ്വാമിജി എന്നാണ് വിളിക്കുന്നത്. ചര്‍ച്ചകള്‍ തുടരാനുള്ള താത്പര്യം അവര്‍ അറിയിച്ചിട്ടുണ്ടെന്നും ആലഞ്ചേരി വ്യക്തമാക്കി.
'ഒന്നാം ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് നിരവധി ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇത് അവരുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. ജനങ്ങള്‍ക്കുവേണ്ടി നല്ലത് ചെയ്തതുകൊണ്ടാണ് വടക്കേ ഇന്ത്യയില്‍ ബിജെപിയും കേരളത്തില്‍ എല്‍ഡിഎഫും ഭരണത്തിലെത്തുന്നത്. മോദി മികച്ച നേതാവാണ്. അദ്ദേഹം ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല. മോദി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തി', ആലഞ്ചേരി അഭിപ്രായപ്പെട്ടു.