അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്സ് ഈടാക്കുന്നതിന് സുപ്രീം കോടതി സ്റ്റേ

Update: 2023-08-18 10:57 GMT

അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്സ് ഈടാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവിരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരള ലൈൻസ് ട്രാവൽസ് അടക്കം ഇരുപത്തിനാല് ബസ് ഉടമകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ. 

നേരത്തെ കേരളം, തമിഴ് നാട്, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളുടെ രജിസ്ട്രേഷനുള്ള ബസുകൾ സർവീസിനായി എത്തുമ്പോൾ അതിർത്തി ടാക്സ് എന്ന നിലയിൽ നികുതി ഈടാക്കിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് അഖിലേന്ത്യാ പെർമിറ്റുകൾ ഉള്ള വാഹനങ്ങൾക്ക് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് സർവീസ് നടത്തുമ്പോൾ അതിർത്ത് ടാക്സ്  പോലെയുള്ള പ്രത്യേക നികുതികൾ ഈടാക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു.

എന്നാൽ ഇത് നിലനിൽക്കെ കേരളം, തമിഴ്നാട് സർക്കാരുകൾ നികുതി ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകൾ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സുപ്രീം കോടതി നികുതി ഈടാക്കുന്ന നടപടി സ്റ്റേ ചെയ്തു. കേസിൽ എതിർകക്ഷികളായ കേരളം, തമിഴ്നാട്, കർണാടക, സർക്കാരുകൾ,കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എന്നിവർക്ക് നോട്ടീസ് അയച്ചു. കേസ് ഇനി അടുത്ത ഒക്ടോബർ 13 ന് വീണ്ടും പരിഗണിക്കും. കേസിൽ ബസ് ഉടമകൾക്കായി അഭിഭാഷകരായ മഹേഷ് ശങ്കരസുബ്ബൻ സഹസ്രനാമം, അർജ്ജുൻ ഗാർഗ് എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി. 

 

Tags:    

Similar News