മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം. ആർഎസ്എസിലും ബിജെപിയിലും നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്നു.ബിജെപി മുൻ സംഘടന ജന.സെക്രട്ടറിയായിരുന്നു. ദീർഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. 1988 മുതൽ 95 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു.
കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബർ 9 നാണ് പി.പി.മുകുന്ദൻ ജനിച്ചത്. മണത്തല യുപി സ്‌കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്‌കൂൾ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ആകൃഷ്ടനാകുന്നത്. മണത്തലയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി. 1972 ൽ തൃശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു.