ടെക്നോസിറ്റിയിൽ കാട്ടുപോത്ത് ഇറങ്ങിയതിനു പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗലപുരത്ത് ടെക്‌നോ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണു കാട്ടുപോത്തിനെ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ നാട്ടുകാരാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. പശുവാണെന്നാണു കരുതിയതെങ്കിലും അടുത്തു കണ്ടതോടെയാണു കാട്ടുപോത്താണെന്നു സ്ഥിരീകരിച്ചത്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ടത്തിനായി ഏറ്റെടുത്ത മംഗലപുരത്തെ 400 ഏക്കര്‍ പ്രദേശത്താണ് കാട്ടുപോത്തുള്ളത്. ഇവിടെ സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനവും ചുരുക്കം ചില കമ്പനികളുടെ ഓഫിസുകളുമാണ് പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂരിഭാഗം പ്രദേശവും കാടുകയറിയ നിലയിലാണ്. ഇവിടെ കാട്ടുപന്നിയേയും ചെന്നായ്ക്കളും സ്ഥിരമായി കാണാറുണ്ട്. എന്നാല്‍ കാട്ടുപോത്തിന്റെ സാമീപ്യം ആദ്യമായാണു കണ്ടെത്തുന്നത്. വനം വകുപ്പ് സ്ഥലത്ത് എത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
വനം വകുപ്പിന്റെ പരിശോധനയില്‍ കാട്ടുപോത്തിന്റെ കുളമ്പിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. മയക്കുവെടിവച്ചു കാട്ടുപോത്തിനെ പിടികൂടാനാണ് ശ്രമം. എന്നാല്‍ 400 ഏക്കറോളമുള്ള പ്രദേശത്തു തിരച്ചില്‍ എങ്ങനെ നടത്തുമെന്ന ആലോചനയിലാണ് വനം വകുപ്പ്.