'സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയെന്ന പരാതി': 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തെന്ന് ലീഗല്‍ മെട്രോളജി

Update: 2024-06-12 12:21 GMT

 സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിയമ ലംഘനം നടത്തിയ 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. രണ്ട് ലക്ഷം രൂപയാണ് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ചുമത്തിയതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ പായക്കറ്റിന് പുറത്ത് രേഖപ്പെടുത്താതിരിക്കുക, എം.ആര്‍.പി തിരുത്തി അധിക വില ഈടാക്കുക, ലീഗല്‍ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ പായ്ക്ക് ചെയ്തതോ, ഇറക്കുമതി ചെയ്തതോ ആയ പായ്ക്കറ്റുകള്‍ വില്‍ക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് കേസെടുത്തത്.

ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പിനെ അറിയിക്കണമെന്നും വരും ദിവസങ്ങളിലും മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ.അബ്ദുള്‍ കാദര്‍ അറിയിച്ചു. 

പരാതികള്‍ 91889 18100 എന്ന മൊബൈല്‍ നമ്പരിലോ, ''സുതാര്യം'' മൊബൈല്‍ ആപ്ലിക്കേഷനിലോ, clm.lmd@kerala.gov.in ല്‍ ഇ-മെയില്‍ ആയോ അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു. 

Tags:    

Similar News