കാതോലിക ബാവയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം;പൊതുദർശനം ഇന്ന് : നാളെ സംസ്കാരം

Update: 2024-11-01 01:55 GMT

അന്തരിച്ച യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

കതോലിക്കാ ബാവയുടെ സംസ്കാരം നാളെ വൈകിട്ടോടെ പുത്തൻകുരിശിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് 4 മണി മുതൽ ശനിയാഴ്ച വൈകിട്ട് മൂന്ന് മണി വരെ പുത്തൻകുരിശ് പത്രിയാ‍ർക്കീസ് സെന്ററിൽ പൊതുദർശനം നടക്കും. ശേഷം 5 മണി വരെ കബറടക്ക ശുശ്രൂഷയായിരിക്കുന്നു.

കബറടക്ക ശുശ്രൂഷക്ക് ശേഷം പുത്തൻകുരിശ് പള്ളിയിൽ ബാവ നിർദേശിച്ചിടത്തായിരിക്കും സംസ്‍കാരം നടത്തുക. അതിനിടെ സഭക്ക് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും മണർകാട് പള്ളി അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആറ് മാസത്തോളം ചികിത്സയിലായിരുന്ന കാതോലിക്ക ബാവ ഇന്നലെ വൈകിട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

Tags:    

Similar News