അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മോശം പരാമർശം; നടൻ വിനായകനെതിരെ പരാതി
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ പരാതിയുമായി കോൺഗ്രസ് പ്രവർത്തകൻ . എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകന് എതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശം നടത്തിയത്.
''ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ , നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, ഉമ്മൻ ചാണ്ടിയും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്''ഇതായിരുന്നു വിനായകന്റെ പരാമർശം.
വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.