ഇടുക്കിയിൽ എടിഎം തകർത്ത് മോഷണ ശ്രമം നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Update: 2024-10-17 05:18 GMT

ഇടുക്കി നെടുംകണ്ടത്തിനു സമീപം പാറത്തോട്ടിൽ എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. മധ്യപ്രദേശ് മണ്ഡല സ്വദേശികളായ രാംസായി, ദരുൺ സായി എന്നിവരെയാണ് ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

തിങ്കളാഴ്ച രാത്രിയിലാണ് നെടുംകണ്ടം പാറത്തോട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം നടന്നത്. രാത്രിയിൽ കൗണ്ടറിൽ എത്തിയ രാം സായിയും ദരുൺ സായിയും ആദ്യം എടിഎമ്മിൽ നിന്ന് പണം എടുത്തു. പുറത്ത് ഇറങ്ങിയ ശേഷം മുഖം മറച്ചു തിരികെ എത്തി എടിഎം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ എടിഎം പൂർണ്ണമായും തകർത്ത് പണം എടുക്കാൻ ഇവർക്ക് കഴിഞ്ഞില്ല. സംഭവം അറിഞ്ഞ ഉടൻ തന്നെ പോലീസ് കൗണ്ടറിന് ഉള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് മേഖലയിലെ ഏലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാം സായി പാറത്തോട്ടിലെ ഏലക്കാ സ്റ്റോറിലും ദരുൺ സായി ഉടുമ്പൻചോല ചെമ്മണ്ണാറിലെ ഏലത്തോട്ടത്തിലുമാണ് ജോലി ചെയ്ത് വന്നിരുന്നത്. മോഷണ ശ്രമത്തിന് ശേഷം പ്രതികളിലൊരാൾ നാട് വിടാൻ ശ്രമിയ്ക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. 

Tags:    

Similar News