ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ; വയനാട്ടിലേത് സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി
വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന സാഹചര്യമാണുണ്ടായത്. രാജ്യത്തിന്നു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തില്‍പ്പെടുന്ന ദുരന്തമാണ് ഉണ്ടായത്. ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെടുകയും 47 വ്യക്തികളെ കാണാതാകുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. 145 വീടുകള്‍ പൂര്‍ണമായും 170 എണ്ണം ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. 183 വീടുകള്‍ ഒഴുകിപ്പോയി. ദുരന്തത്തില്‍ ചുരുങ്ങിയത് 1200 കോടിയുടെയെങ്കിലും നഷ്ടമാണ് വയനാട്ടിലുണ്ടായത്. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ജീവനും കൃഷിയും വളര്‍ത്തുമൃഗങ്ങളും അടക്കം കനത്ത നാശമുണ്ടായി. വിലങ്ങാട് ചുരുങ്ങിയത് 217 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. മേപ്പാടിയിലെ ദുരന്തബാധിതര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണ്.
ആഗോള താപനത്തിന്റേയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഫലമായി അടിക്കടി പ്രകൃതി ദുരന്തമുണ്ടാകുന്ന നാടായി കേരളം മാറുന്നു. ഇനിയും ആവര്‍ത്തിക്കപ്പെടാന്‍ ഇടയുള്ള ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനും, അവയുടെ ആഘാതം ലഘൂകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലാവസ്ഥ പ്രവചനം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ റഡാര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടലുകള്‍ ശാസ്ത്രിയ വിശകലനം ചെയ്തു വരികയാണ്. ഇതിന് ശാസ്ത്രലോകത്തിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. വയനാട് ദുരിതാശ്വാസപ്രവര്‍ത്തനത്തിലും രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാരിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ ആ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേസമയം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ഒരു കാരണവശാലും മന്ദഗതിയിലാകരുത്. രാജ്യത്തിന് തന്നെ മാതൃകാപരമായ പ്രവര്‍ത്തനമായി ഇതു മാറണം. സമയബന്ധിതമായി പുനരധിവാസം പൂര്‍ത്തിയാക്കണം. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷവും ഒരു സഹായവും കിട്ടിയില്ല. പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിട്ടും താല്‍ക്കാലികമായ സഹായം പോലും ലഭിച്ചില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളം ഇന്ന് അപകടമേഖലയിലാണെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയണം. പശ്ചിമഘട്ട മലനിരകളില്‍ ആയിരക്കണക്കിന് മണ്ണിടിച്ചിലുകളാണ് ഉണ്ടാകുന്നത്. ഇതിനെ മറികടക്കാന്‍ നമുക്ക് കഴിയണം. നാം വിജ്ഞാന സമൂഹത്തിലാണ് ജീവിക്കുന്നത്. ഇതു പ്രയോജനപ്പെടുത്തി പക്കാ വാണിങ് സിസ്റ്റം ഉണ്ടാക്കണം. നമ്മുടെ തീരപ്രദേശവും അപകടത്തിലാണ്. തീരശോഷണവും കൂടി വരികയാണ്. ഇടനാടുകളാകട്ടെ, വലിയൊരു മഴ ചെയ്താല്‍ പ്രളയക്കെടുതിയുടെ മുനമ്പിലാണ്. അതിനാല്‍ പ്രകൃതി ഉണ്ടാക്കുന്ന ആഘാതങ്ങളെ ലഘൂകരിക്കാന്‍ അറിവുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തില്‍ ലോകം മുഴുവന്‍ കേരളത്തിന് ഒപ്പം നിന്നെന്ന് സ്പീക്കര്‍ എഎം ഷംസീര്‍ അനുസ്മരിച്ചു. രാത്രിയിലുണ്ടായ ദുരന്തത്തില്‍ നൂറുകണക്കിന് ജീവനുകളാണ് മണ്ണിനടിയില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ, ജാതിമത വേര്‍തിരിവില്ലാതെ, കേരളമൊന്നാകെ മുന്നിട്ടിറങ്ങി. ദുരന്തത്തിനെക്കുറിച്ച് മാധ്യമങ്ങള്‍ നല്ല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട എല്ലാ ദുരന്തബാധിതരുടേയും ദുഃഖത്തില്‍ നിയമസഭ പങ്കുചേരുന്നു. ദുരന്തമേഖലയെ കരകയറ്റാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നിയമസഭ ആദരവ് അര്‍പ്പിക്കുന്നു എന്നും സ്പീക്കര്‍ പറഞ്ഞു.