സംസ്ഥാനത്തെ റോഡുകളിൽ ഭൂരിപക്ഷവും ഗതാഗത യോഗ്യമെന്ന് മന്ത്രി; ജനിക്കാതെ പോയ കുഞ്ഞിന്റെ കാലനാണ് പിഡബ്ല്യുഡിയെന്ന് എംഎൽഎ
സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സഭ നിർത്തിവെച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് സ്പീക്കർ തള്ളി. റോഡുകളുടെ അറ്റകുറ്റപ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാർ പരാജയപ്പെട്ടതും വിവിധ പദ്ധതികളുടെ ഭാഗമായി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതും കാരണം റോഡുകൾ ഗതാഗത യോഗ്യമല്ലാതാവുകയും അപകടങ്ങൾ വർധിക്കുകയും ചെയ്യുന്ന ഗുരുതര സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ നജീബ് കാന്തപുരം എംഎൽഎ ആവശ്യപ്പെട്ടത്. അതേസമയം, വെള്ളിയാഴ്ചകളിൽ അടിയന്തര പ്രമേയങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.
തുടർന്ന് അടിയന്തര പ്രമേയസത്തിന് മന്ത്രി റിയാസ് മറുപടി നൽകി. റോഡുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പിഡബ്ല്യുഡിക്കുള്ളതെന്നും റോഡ് നിർമ്മാണത്തിനൊപ്പം പരിപാലനത്തിനും പരിഗണന നൽകുന്നുണ്ടെന്നും സംസ്ഥാനത്തെ റോഡുകളിൽ ഭൂരിപക്ഷവും ഗതാഗത യോഗ്യമാണെന്നും മന്ത്രി റിയാസ് പറഞ്ഞു. കോടതി വ്യവഹാരങ്ങൾ ഉൾപ്പെടെ നടക്കുന്ന റോഡുകളിൽ ചില പ്രയാസം ഉണ്ട്. മന്ത്രിമാർ തമ്മിൽ നല്ല ഏകോപനമുണ്ടെന്നും റിയാസ് പറഞ്ഞു.
എന്നാൽ, വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സർക്കാരാണിതെന്നും എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകുമെന്നും നജീബ് കാന്തപുരം ചോദിച്ചു. മണിച്ചിത്രത്താഴ് സിനിമയിൽ കുതിരവട്ടം പപ്പു ചെവിയിൽ ചെമ്പരത്തി പൂ വെച്ച് ചാടി ചാടി പോകുന്നതുപോലെ പോകേണ്ട അവസ്ഥയല്ലേ ഉള്ളതെന്നും നജീബ് കാന്തപുരം ചോദിച്ചു. യുദ്ധഭൂമിയിലൂടെ പോകുന്നത് പോലെയാണ് നടു റോഡിലൂടെ പോകേണ്ടിവരുന്നത്. കുഴികൾ എണ്ണാനായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. എന്നാൽ, ഇപ്പോൾ കുളങ്ങൾ എണ്ണിയാൽ തീരുമോ. റോഡിൽ വീണ് സ്ത്രീകൾക്ക് ഗർഭം പോലും അലസുന്നുവെന്നും ജനിക്കാതെ പോയ ആ കുഞ്ഞിൻറെ കാലനാണ് പൊതുമരാമത്ത് വകുപ്പെന്നും നജീബ് കാന്തപുരം തുറന്നടിച്ചു.
ഇതോടെ ഭരണപക്ഷ അംഗങ്ങൾ ബഹളം വെച്ചു. ഇതിനിടെയും നജീബ് കാന്തപുരം പ്രസംഗം തുടർന്നു. കുഴിയില്ലാത്ത റോഡിലൂടെ പോകാൻ മുഖ്യമന്ത്രി 16 കിലോമീറ്റർ ആണ് ചുറ്റിയത്. സാധാരണക്കാർക്ക് ഇങ്ങനെ റൂട്ട് മാറാൻ പറ്റുമോയെന്നും നജീബ് കാന്തപുരം ചോദിച്ചു. റോഡുകളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിൻറെ വഴിയാധാരം എന്ന പരമ്പരയും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. തലസ്ഥാനത്തെ സ്മാർട്ട് റോഡിന് ഇപ്പോഴും ദുരവസ്ഥയാണെന്നും ഉദ്യോഗസ്ഥർ തമ്മിൽ കൂട്ട അടിയാണെന്നും വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നും നജീബ് കാന്തപുരം ആരോപിച്ചു. ചില റോഡുകളിലൂടെ പോയാൽ അഡ്വഞ്ചർ പാർക്കിലൂടെ പോകും പോലെയാണ്. മഴക്കാല പൂർവ ഓട്ടയടക്കൽ യജ്ഞമാണ് നടക്കുന്നത്. ശാസ്ത്രീയമായി റോഡിലെ കുഴിയടക്കാൻ അറിയില്ലെന്നും നജീബ് കാന്തപുരം പറഞ്ഞു.
ഇതിനിടെ, നജീബ് കാന്തപുരത്തിന് കൂടുതൽ സമയം നൽകുന്നുവെന്ന ആരോപണവുമായി മന്ത്രി എംബി രാജേഷ് രംഗത്തെത്തി. സ്പീക്കർക്കെതിരെ മന്ത്രി വിമർശനം ഉന്നയിച്ചു. 16 മിനുട്ടാണ് നജീബ് കാന്തപുരത്തിന് സംസാരിക്കാൻ നൽകിയതെന്നും ഈ ഉദാരത മന്ത്രിമാരോടും കാണിക്കണമെന്നും എംബി രാജേഷ് സ്പീക്കറോട് പറഞ്ഞു. എന്നാൽ, ഡിജിറ്റൽ ക്ലോക്കിലെ സമയം തെറ്റാണെന്നായിരുന്നു സ്പീക്കർ എഎൻ ഷംസീറിൻറെ മറുപടി. ഇതോടെ പ്രതിപക്ഷ നിരയിൽ നിന്ന് പൊട്ടിച്ചിരി ഉയർന്നു. തുടർന്ന് സഭ നിർത്തി ചർച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി മറുപടി നൽകി. ഇന്ന് കേരളം യുഡിഎഫ് ആണ് ഭരിച്ചിരുന്നത് എങ്കിൽ ഇന്ന് കേരളവും ബിഹാറുമായി പാലം പൊളിയുന്നതിൽ ഒരു 20-20 മത്സരം നടന്നേനെയെന്ന് മന്ത്രി റിയാസ് പരിഹസിച്ചു. മന്ത്രി റിയാസിൻറെ മറുപടിക്കുശേഷം അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
തുടർന്ന് പ്രതിപക്ഷ നേതാവ് സംസാരിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം റോഡുകളാണ് കേരളത്തിലെന്നും മന്ത്രി റിയാസിൻറെ മറുപടി യാഥാർഥ്യവുമായി ബന്ധം ഇല്ലാത്തതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.