വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്നും അതിലൊന്നും പ്രശ്നമില്ലെന്നും ആന്‍റണി രാജു; അബദ്ധ വിധിയെന്ന് അഭിഭാഷകൻ ദീപക് പ്രകാശ്: തൊണ്ടി മുതൽ കേസിൽ സുപ്രീം കോടതി വിധിയിൽ പ്രതികരണം
തൊണ്ടി മുതൽ കേസിൽ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ ആന്‍റണി രാജു. തൊണ്ടി മുതൽ കേസിൽ തുടര്‍ നടപടിയാകാമെന്നും കേസിൽ പ്രതിയായ ആന്‍റണി രാജു അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നുമാണ് സുപ്രീം കോടതി വിധി.
വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്നും അതിലൊന്നും പ്രശ്നമില്ലെന്നും ആന്‍റണി രാജു പറഞ്ഞു. വിധി പകര്‍പ്പിന്‍റെ പൂര്‍ണ വിവരം ലഭിച്ചിട്ടില്ല. അതിനുശേഷം ഇക്കാര്യത്തിൽ വിശദമായി പ്രതികരിക്കാം. താൻ ഇവിടെ തന്നെയുണ്ട്. അപ്പീൽ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിധിപകര്‍പ്പ് ലഭിച്ചശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആന്‍റണി രാജു പറഞ്ഞു.
അതേസമയം, സുപ്രീം കോടതിയുടേത് അബദ്ധ വിധിയാണെന്ന് ആന്‍റണി രാജുവിന്‍റെ അഭിഭാഷകൻ ദീപക് പ്രകാശ് പറഞ്ഞു. തൊണ്ടി മുതൽ സൂക്ഷിക്കുന്ന കോടതിയിലെ ജീവനക്കാരനായ ആളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് എന്ന് സിബിഐ കേരള പൊലീസിന് റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. അതിൽ ആന്‍റണി രാജുവിന്‍റെ പേരു പോലുമില്ല.
ആന്‍റണി രാജു തൊണ്ടു മുതൽ വാങ്ങികൊണ്ടുപോകുന്നതിന് അപേക്ഷ നൽകിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. അപേക്ഷ നൽകിയത് പ്രതിയാണെന്നും അഭിഭാഷകൻ ദീപക് പ്രകാശ് പറഞ്ഞു. കേസിൽ സാക്ഷി മൊഴിയോ തെളിവുകളോ ഇല്ലെന്നും അതിനാൽ തന്നെ വിചാരണ നേരിടണമെന്ന് പറഞ്ഞുള്ള കോടതി വിധി അബദ്ധമാണെന്നും അഡ്വ. ദീപക് പ്രകാശ് പറഞ്ഞു.
കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്ന കേസിലാണ് കോടതി ഉത്തരവ്. പ്രതി വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി. ആന്റണി രാജു അടക്കം പ്രതികൾ അടുത്ത മാസം 20ന് വിചാരണ കോടതിയിൽ ഹാജരാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്‍റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം നടത്താമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിജെഎം കോടതി അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഈ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ആന്‍റണി രാജുവിന്റെ ഹര്‍ജി.
രണ്ടാം പ്രതിയായ ആന്‍റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നത്. 1990 ഏപ്രില്‍ 4-നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്നും മാറ്റി പകരം മറ്റൊന്ന് വെച്ചുവെന്നാണ് കേസ്. കേസില്‍ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.