മുന്നറിയിപ്പില്ലാതെ അഞ്ച് വിമാനങ്ങൾ റദ്ദാക്കി; ദുരിതത്തിലായി യാത്രക്കാർ
മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയി. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്.
ഇതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലും നാല് വിമാന സര്‍വീസുകളും റദ്ദാക്കിയ വിവരം പുറത്തുവരുന്നത്. ഷാര്‍ജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട മൂന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. മസ്കറ്റ്, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മണിക്കൂറുകളോളം തങ്ങളെ കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും ഇവര്‍ പ്രതികരിച്ചു.
രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാര്‍ അറിയിച്ചത്. അതേസമയം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം. അലവൻസ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്നാണ് വിവരം.
കണ്ണൂരില്‍ നാളെ മുതലുള്ള വിമാനങ്ങളിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പില്‍ യാത്രക്കാര്‍ പ്രതിഷേധം അസവസാനിപ്പിച്ചു. മുൻഗണനാ ക്രമത്തിൽ ടിക്കറ്റ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.