എഐ ക്യാമറ: പ്രവർത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി, സർക്കാർ ഇറക്കിയത് ആറ് ഉത്തരവുകൾ

Update: 2023-04-25 02:22 GMT

സംസ്ഥാന സർക്കാരിന്റെ എഐ ക്യാമറ കരാറിൽ സര്‍വ്വത്ര ആശയക്കുഴപ്പം. പദ്ധതിയുടെ പ്രവര്‍ത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി പല കാലങ്ങളിലായി ആറ് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഏറ്റവും ഒടുവിൽ കോടികൾ മുടക്കി റോഡിലായ പദ്ധതി ഇനി ഉപേക്ഷിക്കാനാകില്ലെന്ന് ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പരിഗണിച്ച മന്ത്രിസഭാ യോഗം വീഴ്ചകളെല്ലാം സാധൂകരിച്ച് അനുമതി നൽകുകയായിരുന്നു.

ഗതാഗത നിയമ ലംഘനം പിടികൂടാൻ 2018 ൽ ബി ഒ ടി മാതൃകയിൽ കെൽട്രോൺ പദ്ധതി തയ്യാറാക്കിയതോടെയാണ് എഐ ക്യാമറകളെ കുറിച്ച് ചര്‍ച്ചകളാരംഭിക്കുന്നത്. 2019ലാണ് ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്. സർക്കാരിന് മുതൽ മുടക്കില്ലാതെ ക്യാമറകള്‍ സ്ഥാപിച്ച ശേഷം പിഴത്തുകയിൽ നിന്നും അഞ്ചു വർഷം കൊണ്ട് ചെലവായ പണം തിരിച്ചു പിടിക്കുന്നതായിരുന്നു ആദ്യ മോഡൽ. കെൽട്രോണിന് നേരിട്ട് ടെണ്ടർ വിളിച്ച് സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാമായിരുന്നു. എന്നാൽ ധനവകുപ്പും, ധനവകുപ്പിന്റെ സാങ്കേതിക പരിശോധന വിഭാഗവും നടത്തിയ പരിശോധനക്ക് പിന്നാലെ 2020 ൽ കെൽട്രോണിനെ പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടന്റാക്കി മാറ്റി. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. 

നേരിട്ട് പദ്ധതി നടപ്പാക്കാൻ കെൽട്രോണിനോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ തന്നെ, പൊതുമേഖലാ സ്ഥാപനത്തെ കൺസൾട്ടൻസിയാക്കി സ്വകാര്യ മേഖലയെ പണിയേൽപ്പിക്കാൻ ആവശ്യപ്പെട്ടു. ഒരേ ഉത്തരവിൽ കെൽട്രോണിന് രണ്ടു മോഡൽ കരാറിലേ‍പ്പെടാൻ അനുമതി നൽകി. ഈ ആശയക്കുഴപ്പം നിലനിൽക്കേ, 2020 ൽ തന്നെ ഗതാഗത കമ്മീഷണറും കെൽട്രോണുമായി ധാരണ പത്രം ഒപ്പിട്ടു. ആദ്യ ഘട്ടത്തിൽ പണം മുടക്കുന്ന കെൽട്രോണിന് പദ്ധതി ആരംഭിക്കുന്ന അന്നു മുതൽ മൂന്നു മാസം കൂടുമ്പോള്‍ 11 കോടി തിരികെ നൽകുമെന്ന് ഈ ഉത്തരവിൻെറ അടിസ്ഥാനത്തിൽ ഗതാഗത കമ്മീഷണും കെൽട്രോണ്‍ എംഡിയുമായി ധരണ പത്രവും 2020ൽ ഒപ്പിട്ടു. 

ഇതിന് പിന്നാലെയാണ് കെൽട്രോൺ ഉപകരാര്‍ സ്വകാര്യ കമ്പനിക്ക് നൽകുന്നതും ക്യാമറകൾ സ്ഥാപിക്കുന്നതും. ക്യാമറകൾ സ്ഥാപിച്ച് പിഴ ചുമത്താനുള്ള സര്‍ക്കാര്‍ അനുമതിക്ക് വേണ്ടി മോട്ടോര്‍ വാഹന വകുപ്പ് ഫയലുമായി ചെന്നപ്പോഴാണ് ചീഫ് സെക്രട്ടി ക്യാമറ കരാറിന് പിന്നിലെ നിയമ ലംഘനങ്ങളുടെ ചുരുളഴിക്കുന്നത്. കരാര്‍ ഏത് മാതൃകയിൽ, തിരിച്ചടവ് രീതിയെങ്ങനെ, പിഴപ്പണത്തിൽ നിന്നാണ് തിരിച്ചടവെങ്കിൽ പിഴ കുറഞ്ഞാൽ പണമെവിടെ നിന്ന് തുടങ്ങിയ ചോദ്യങ്ങൾക്ക് ഒന്നിനും ഉത്തരമില്ലായിരുന്നു. തെറ്റുകൾ തിരുത്തി പദ്ധതിക്ക് അനുമതി നൽകണമെന്ന് മോട്ടര്‍ വാഹന വകുപ്പ് ആവശ്യം മന്ത്രിസഭയ്ക്ക് മുന്നിൽ എത്തിച്ചതോടെയാണ് കോടികൾ മുടക്കി ക്യാമറ സ്ഥാപിച്ചത്. ഇനി പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാകില്ല. പൊതുമേഖലാ സ്ഥാപനം നടപ്പാക്കിയ പദ്ധതിയുടെ തെറ്റുകൾ പരിഹരിച്ച് അനുമതി നൽകണമെന്ന തുടങ്ങിയ കാരണങ്ങൾ നിരത്തി ഗതാഗത സെക്രട്ടറി എഴുതിയ കുറിപ്പ് പരിഗണിച്ചാണ് ക്യാമറക്ക് അനുമതി.

Tags:    

Similar News