സമയക്രമം പാലിച്ച് ധനലഭ്യത ഉറപ്പാക്കി കിഫ്ബി; കാലാവധി പൂർത്തിയാക്കി മസാലബോണ്ട് തുക തിരിച്ചടച്ചു

Update: 2024-03-27 16:52 GMT

അഞ്ചുവർഷക്കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ കിഫ്ബി തിരിച്ചടച്ചു. 2024 മാർച്ച് 26 ന് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ തുക കിഫ്ബി തിരിച്ചടച്ചതെന്നാണ് ഔദ്യോഗിക വിവരം. വിദേശകടപ്പത്ര വിപണ‍ിയിൽ പ്രവേശനം നേടിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി. വിവിധ പദ്ധതികൾക്കായാണ് മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ കിഫ്ബി വിനിയോ​ഗിച്ചിരുന്നത്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഇതുവരെ ഏർപ്പെട്ട മസാല ബോണ്ട് സമാഹരണത്തിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ ഉദ്യമമായിരുന്നു കിഫ്ബിയുടേത്. കൂടാതെ 2016 ൽ റിസർവ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിനു അനുമതി നല്കിയതിനുശേഷമുണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ സമാഹരണവുമായിരുന്നു കിഫ്ബി നടത്തിയത്. പ്രതിവർഷം 9.723% എന്ന കണക്കിനാണ് ഇഷ്യൂ വിലയിടപ്പെട്ടത്. ആ കാലയളവിൽ ഇന്ത്യയിലെ ആഭ്യന്തരവിപണിയിൽ സമാന പൊതുമേഖലാ സ്ഥാപനങ്ങൾ നേടിയ തുകയിൽ നിന്നും വളരെ കുറഞ്ഞ അനുപാതത്തിലാണ് കിഫ്ബി ലോക വിപണിയിൽ നിന്ന് തുക സ്വീകരിച്ചത്.


2018 മേയ് 22 നാണ് കിഫ്ബിയുടെ ഓഥറൈസ്ഡ് ഡീലർ ബാങ്കായ ആക്സിസ് ബാങ്ക് വഴി മസാലബോണ്ട് (Rupee Denominated Bonds) ഇറക്കാനുള്ള അപേക്ഷ റിസർവ് ബാങ്കിന്റെ ഫോറിൻ എക്സ്ചേഞ്ച് ഡിപാർട്മെന്റിന് അയയ്ക്കുന്നത്. ആർബിഐ ചട്ടങ്ങൾ അനുസരിച്ചുള്ള എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്ന അപേക്ഷയായിരുന്നു അനുമതി തേടി കൊണ്ട് അയച്ചത്. തുടർന്ന് 2018 ജൂൺ ഒന്നിന്ന് ഫോറിൻ എക്സ്ചേഞ്ച് ഡിപ്പാർട്മെന്റ് പരിശോധിച്ചതിനു ശേഷം 2018 ജൂൺ 1 തീയതി വച്ച approval vide letter അയച്ചു. ഇത്തരം അനുമതികൾക്കായി റിസർവ് ബാങ്ക് ഉപയോഗിക്കുന്ന പൊതു ഫോർമാറ്റിലുള്ളതായിരുന്നു ഈ കത്ത്. പിന്നീട് 2018 ഡിസംബർ ആറിന് വിദേശ ധനകാര്യവിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്തു കൊണ്ട് കിഫ്ബി മസാല ബോണ്ടിറക്കുന്നതിനുള്ള കാലവധി 2019 കലണ്ടർ വർഷത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയും അതിനായി അനുമതി നീട്ടിനൽകാൻ ആക്സിസ് ബാങ്ക് വഴി റിസർവ് ബാങ്കിനെ സമീപിക്കുകയും ചെയ്തു.


2018 ഡിസംബർ 31ന് അനുമതി നീട്ടിനൽകുന്നത് പരിശോധിക്കാൻ ഓഥറൈസ്ഡ് ഡീലർ ബാങ്കിനോട് റിസർവ് ബാങ്ക് നിർദേശിച്ചുകൊണ്ടുളള കത്ത് അയച്ചു. 2019 മാർച്ച് 20 ന് അനുമതി ദീർഘിപ്പിച്ചു കിട്ടിയതിനെ തുടർന്ന് ലോൺ രജിസ്ട്രേഷൻ നമ്പർ (LRN) അനുവദിച്ചുകിട്ടുന്നതിനായി ഓഥറൈസ്ഡ് ഡിലർ ബാങ്ക് വഴി കിഫ്ബി റിസർവ് ബാങ്കിന് ഫോം ഇസിബി സമർപ്പിച്ചു. ഇസിബിയുടെ വിശദാംശങ്ങൾ, ഗവൺമെന്റ് ഗാരണ്ടിയുടെ വിശദാംശങ്ങൾ എല്ലാം തന്നെ ഇസിബി ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. 2019 മാർച്ച് 22 ന് റിസർവ് ബാങ്ക് കിഫ്ബിക്ക് ലോൺ രജിസ്ട്രേഷൻ നമ്പർ അനുവദിച്ചു. പിന്നീട് 2019 മാർച്ച് 29 ന് ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ 2024 മാർച്ച് 27 ന് മസാലബോണ്ട് വഴി സമാഹരിച്ച തുക കിഫ്ബി തിരിച്ചടച്ചു.


ഇങ്ങനെ മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ പൂർണമായും വിനിയോഗിച്ചു. ഈ വിനിയോഗവിവരകണക്കുകൾ റിസർവ് ബാങ്കിനെ എല്ലാ മാസവും (FORM ECB 2 FILING) അറിയിച്ചിട്ടുണ്ട്. ഏതു പ്രോജക്ടിനാണ് മസാല ബോണ്ടിലെ തുക ഉപയോഗിച്ചിരിക്കുന്നത്, അത് എത്രയാണ്, അതിന്റെ ബിൽ വിവരങ്ങൾ, എത്ര ബാക്കിയുണ്ട്, അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ എല്ലാമുള്ള സമഗ്രമായ രേഖയാണ് ഫോം ഇസിബി ടു. ഇത്തരത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് കിഫ്ബി മസാലബോണ്ടിറക്കിയത്.


കിഫ്‌ബി ധനസഹായത്തിനായി നിർദേശിക്കപ്പെട്ട പദ്ധതികളിൽ 80 % ത്തോളവും സാമൂഹിക മേഖലയിൽ നിന്നുള്ളതാണ്. ശേഷിക്കുന്ന 20% സ്വന്തം നിലക്ക് റവന്യു കണ്ടെത്തുവാൻ കഴിവുള്ളവയും. കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ KIIF ആക്ടിൽ മോട്ടോർ വാഹന നികുതിയിൽനിന്നും പെട്രോളിയം സെസ്സിൽനിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഓരോ വർഷവും നിർബന്ധമായി കിഫ്ബിക്ക് കൈമാറണമെന്ന് സർക്കാരിനോട് അനുശാസിക്കുന്നുണ്ട്. കിഫ്ബിയുടെ എല്ലാ ബാധ്യതകളും പാലിക്കുവാൻ ഈ വരുമാനം മതിയാകും. മസാലബോണ്ട് വഴി സമാഹരിച്ച തുകയുടെ തിരിച്ചടവും കിഫ്ബിയുടെ ഈ തനത് വരുമാനം ഉപയോ​ഗിച്ചു കൊണ്ടാണ് പൂർത്തീകരിച്ചത്. KIIF ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുള്ള തരത്തിലേ കിഫ്ബിയുടെ തിരിച്ചടവ് കടം ഉണ്ടാവുകയുള്ളൂ. അതിനാൽ അധികമായ ഒരു ബാധ്യതയും വരാൻ പോകുന്നില്ലെന്നാണ് വിലയിരുത്തൽ.

Tags:    

Similar News