എവിടെപ്പോയി കേരള പോലീസിലെ 'മുങ്ങൽ വിദഗ്ധൻ'

Update: 2022-10-18 07:14 GMT

കേരള പോലീസിലെ മുങ്ങൽ വിദഗ്ധനെക്കുറിച്ചാണ് ഇപ്പോൾ നാട്ടിലെങ്ങും സംസാരം. കോട്ടയം കാഞ്ഞിരപ്പിള്ളിയിൽ മാമ്പഴം മോഷ്ടിച്ച ഇടുക്കി എർആർ ക്യാമ്പിലെ പോലീസുകാരൻ ഷിഹാബ് ആണ് മേൽപ്പറഞ്ഞ 'മുങ്ങൽ വിദഗ്ധൻ'. മോഷണം നടത്തിയതിനു ശേഷം ഇയാൾ ഒളിവിൽ പോയിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇയാളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാന പോലീസ് സേനയ്ക്കാകെ നാണക്കേടു വരുത്തിവച്ച സംഭവമാണ് ഷിഹാബിന്റെ മാമ്പഴ മോഷണം എന്നായിരുന്നു ഇടുക്കി എസ്പി പോലും പറഞ്ഞത്.

ഷിഹാബ് എവിടെപ്പോയി? കേരളത്തിൽ തന്നെയുണ്ടോ, അതോ അയൽ സംസ്ഥാനങ്ങളിലോ, ഇനിയെങ്ങാനും വിദേശത്തേക്കു മുങ്ങിയോ? എന്തായാലും ഈ മുങ്ങൽ വിദഗ്ധനെ നാട്ടുകാർ തന്നെ കണ്ടുപിടിക്കേണ്ടി വരുമോ? ഇലന്തൂർ നരബലിയും പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ലൈംഗിക അതിക്രമ കേസും വന്നതോടെ മാധ്യമങ്ങളുടെ ശ്രദ്ധ ഇക്കാര്യത്തിൽ കുറഞ്ഞു എന്നതു വാസ്തവം.

സംഭവം നടന്നതിനു ശേഷം ഷിഹാബിനെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും ഇടുക്കി ജില്ലാ പോലീസ് മേധാവി ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പോലീസുകാരനായ പ്രതിക്ക് പോലീസിന്റെ ശാസ്ത്രീയ അന്വേഷണ രീതികളെക്കുറിച്ചു ധാരണയുള്ളത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതായാണു വിവരം. അന്വേഷണം ഏതെല്ലാം രീതിയിലായിരിക്കുമെന്ന പ്രതിയുടെ അറിവ് പോലീസിനെ വട്ടംതിരിക്കുന്നു. അതേസമയം, പോലീസിനുള്ളിൽ നിന്നുതന്നെ ഷിഹാബിന് സഹായം ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്.

ഷിഹാബ് വിവിധ ജില്ലകളിലായി ഒളിവിൽ കഴിഞ്ഞതായാണ് ഇയാളുടെ മൊബൈൽ ഫോൺ റേഞ്ച് കാണിക്കുന്നത്. തൃശൂരും പാലക്കാടും ഇയാൾ ചെന്നതായി വിവരം ലഭിച്ചെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. അതേസമയം, ഇയാളുടെ സ്വദേശമായ മുണ്ടക്കയത്ത് മൊബൈൽ ഫോൺ റേഞ്ച് കാണിച്ചിരുന്നു. ഇതു സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇയാളുടെ മൊബൈൽ സ്വിച്ച്ഓഫ് ആണെന്നാണ് റിപ്പോർട്ട്.

ഷിഹാബിനെതിരേ 2019ൽ ബലാത്സംഗ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ ഇയാളുടെ ജാമ്യം റദ്ദാക്കാൻ പോലീസ് അപേക്ഷ കൊടുത്തിട്ടുണ്ട്. കേസിന്റെ വിചാരണ നടക്കുന്നിതിനിടെ പരാതിക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും മുണ്ടക്കയം പോലീസ് ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.

ഷിഹാബ് ക്രിമിനൽ സ്വഭാവം പുലർത്തുന്ന ആളാണെന്നും പോലീസ് സേനയിലെ അംഗമായതുകൊണ്ടു പല സംഭവങ്ങളിൽ നിന്ന് രക്ഷപ്പെട്ടു പോകുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വഴിയരികിൽ മീൻ കച്ചവടം നടത്തുന്നവരിൽ നിന്നു പണം കൊടുക്കാതെയും അല്ലെങ്കിൽ ചെറിയ തുക മാത്രം കൊടുത്തു വിലകൂടിയ മത്സ്യങ്ങൾ എടുത്തുകൊണ്ടുപോയിരുന്നതായും ഇയാൾക്കെതിരേ ആരോപണങ്ങളുണ്ട്. സമാനരീതിയിൽ തട്ടുകടളിൽ നിന്നും ബജിക്കടകളിൽ നിന്നും മറ്റു വഴിയോരക്കച്ചവടക്കാരിൽ നിന്നും ഇയാൾ സാധനങ്ങൾ എടുത്തിരുന്നതായും ആരോപണങ്ങളുയരുന്നുണ്ട്.

Tags:    

Similar News