ബഫർസോൺ സമരം: കർഷകസംഘടനകളെ മുൻനിർത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമമെന്ന് വനംമന്ത്രി

Update: 2022-12-16 05:38 GMT

ബഫർ സോൺ സമരപ്രഖ്യാപനത്തിന് എതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. കർഷക സംഘടനകളെ മുൻനിർത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ആകാശ സർവേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പരാതികൾ വരുമെന്ന് സർക്കാരിന് അറിയാമായിരുന്നു. ഭൂതല സർവ്വേ നേരത്തെ തീരുമാനിച്ചതാണ്. സ്ഥിതി വിവര കണക്ക് മാത്രമാണ് ഉപഗ്രഹ സർവ്വേ നൽകുക. ഉപഗ്രഹ സർവ്വേയിൽ ചില സ്ഥലങ്ങളിൽ വ്യാപക പ്രശ്‌നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. 

ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം തുടങ്ങാനാണ് കോൺഗ്രസ് നീക്കം. അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് നൽകാൻ സംസ്ഥാനം ഉപഗ്രഹ സർവേ റിപ്പോർട്ട് തയാറാക്കി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിന്മേൽ നിർദ്ദേശങ്ങളോ ഭേദഗതികളോ സമർപ്പിക്കാൻ പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുളളത്. എന്നാൽ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന പ്രദേശങ്ങളുടെ സർവേ നമ്പറുകൾ മാത്രമേ റിപ്പോർട്ടിലുളളു. ജനവാസ മേഖലഖകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. കോഴിക്കോട് ജില്ലയിൽ മലബാർ വന്യജീവി സങ്കേതത്തിൻറെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഏഴ് പഞ്ചായത്തുകൾ ബഫർ സോണിലുണ്ട്. പുഴകൾ, റോഡുകൾ തുടങ്ങി സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ അതിരടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സർവ്വേയിൽ ഇല്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് സമരത്തിനിറങ്ങുന്നത്.

Tags:    

Similar News