കൊല്ലത്ത് നിന്ന് 6 വയസുകാരിയെ കാണാതായ സംഭവം;നിർണായ വിവരങ്ങൾ പൊലീസിന് ലഭിച്ചു

Update: 2023-11-27 16:36 GMT

കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചു. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോൺ നമ്പറിനെകുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു. ശുഭവാർത്തയ്ക്കായി കാതോർത്തിരിക്കുകയാണ് കേരളം. അതേസമയം, നാലുമണിക്കൂർ പിന്നിട്ടിട്ടും അബി​ഗേൽ സാറ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ വന്നതായാണ് വിവരം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. ഒരു സ്ത്രീയാണ് വിളിച്ചത്. ഫോണ്‍ കോളിന്‍റെ ആധികാരികത പൊലീസ് പരിശോധിച്ചിട്ടുണ്ട്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നൽകിയെന്ന് റൂറൽ എസ്പി അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

കുട്ടിയ്ക്കായി സംസ്ഥാന വ്യാപകമായാണ് തെരച്ചിൽ നടക്കുന്നത്.കേരള തമിഴ്നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും റൂറൽ എസ്പിയും ചേർന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ആര്യൻകാവ് ചെക്ക്പോസ്റ്റിലും, കോട്ടയം ജില്ലാ അതിർത്തിയായ ളായിക്കാട് എം സി റോഡിലും, വർക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിർത്തിയിലും ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്.  

Tags:    

Similar News