കോൺഗ്രസ് പ്ലീനറി സമ്മേളനം: കേരളത്തിൽ നിന്ന് വോട്ടവകാശം 47 പേർക്ക്, ഛത്തീസ്ഗഢില്‍ നേതാക്കളുടെ വീടുകളില്‍ ഇ.ഡി റെയ്ഡ്

Update: 2023-02-20 06:36 GMT

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടികയായി. കേരളത്തിൽ നിന്നും 47 നേതാക്കൾക്കാണ് വോട്ടവകാശമുള്ളത്. മുൻ മുഖ്യമന്ത്രിമാരായ എകെ ആന്റണി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ശശി തരൂർ, അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് കേരളത്തിൽ നിന്നും വോട്ടവകാശമുണ്ട്. 

അതേസമയം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തുന്നു. കല്‍ക്കരി ലെവി കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന് ഇ.ഡി.വൃത്തങ്ങള്‍ അറിയിച്ചു.

ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസം കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കാനിരിക്കെയാണ് നേതാക്കളെ കേന്ദ്രീകരിച്ചുള്ള റെയ്ഡ്. ദര്‍ഗ് ജില്ലയിലുള്ള കോണ്‍ഗ്രസ് എംഎല്‍എ ദേവേന്ദ്ര യാദവ്, കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ രാംഗോപാല്‍ അഗര്‍വാള്‍, കോണ്‍ഗ്രസ് വാക്താവ് ആര്‍.പി.സിങ് തുടങ്ങിയ നേതാക്കളുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്.

ഭരണകക്ഷിയില്‍ ഉള്ള മറ്റു ചില പാര്‍ട്ടി നേതാക്കളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്‍ക്കരി കുംഭകോണത്തിന്റെ 'ഗുണഭോക്താക്കള്‍' ആരാണെന്ന് തങ്ങള്‍ അന്വേഷിക്കുകയാണെന്ന് ഇ.ഡി. അറിയിച്ചു.

റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ ആരോപിച്ചു. ' കോണ്‍ഗ്രസ് ട്രഷറര്‍, സംസ്ഥാന മുന്‍ ഉപാധ്യക്ഷന്‍, എംഎല്‍എ എന്നിവരുടേതടക്കം എന്റെ നിരവധി സഹപ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്ന് ഇ.ഡി.റെയ്ഡ് നടത്തുകയുണ്ടായി. നാല് ദിവസത്തിന് ശേഷം റായ്പുറില്‍ കോണ്‍ഗ്രസ് സമ്മേളനം നടക്കാന്‍ പോകുകയാണ്. ഒരുക്കങ്ങളിലേര്‍പ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകരെ ഇതുപോലെ തടഞ്ഞാല്‍ അവരുടെ ആവേശം കെടുത്താമെന്ന് കരുതേണ്ട' ബാഘേല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്ര വിജയിച്ചതിലും അദാനിയുടെ സത്യാവസ്ഥ പുറത്തു വന്നതിലും ബിജെപി നിരാശയിലാണ്. ഈ റെയ്ഡ് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. സത്യം രാജ്യത്തിനറിയാം. നമ്മള്‍ പൊരുതി ജയിക്കുമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി പറഞ്ഞു. റായ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News