2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം

Update: 2023-05-23 04:12 GMT

2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാനാവും. നോട്ട് മാറാൻ വരുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ബാങ്കുകളോട് ആർ.ബി.ഐ നിർദേശിച്ചിരുന്നു. 'ക്ലീൻ നോട്ട്' നയം യാഥാർത്ഥ്യമാകുന്നതോടെ ഇതിന്റെ പ്രതിഫലനം ഇന്നുമുതൽ വിപണിയിലും  ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

അച്ചടി മുതൽ സ്‌ക്രാപ്പ് ചെയ്യുന്നതിന് വരെ വലിയ ചെലവാണ് 2,000 രൂപാ നോട്ട് കാരണമുണ്ടായത്. പുതിയ 2,000 രൂപാ നോട്ടുകൾ എ.ടി.എമ്മിൽ ഉൾക്കൊള്ളിക്കാൻ ബാങ്കുകൾക്ക് വന്ന അധിക ചെലവും 'ക്ലീൻ നോട്ട്' നയം പ്രാവർത്തികമാകുമ്പോൾ ദുർവ്യയമായി മാറും. നോട്ടുനിരോധനം ഏർപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ 21,000 കോടി മുടക്കിയാണ് കേന്ദ്ര സർക്കാർ പുതിയ നോട്ട് അച്ചടിച്ചത്. ഇതേ കാലയളവിൽ 2,000 രൂപയുടെ 355 കോടി നോട്ടാണ് അച്ചടിച്ചത്. പ്രചാരത്തിലുള്ള 2,000 രൂപാ നോട്ടിന്റെ മൂല്യം ആകെ പ്രചാരത്തിലുള്ള ഇന്ത്യൻ കറൻസികളുടെ 10 ശതമാനത്തിനും മുകളിലാണ്.

നോട്ട് മാറാനായി നാലു മാസത്തെ സമയമുണ്ട്. അതിനാൽ ഇത് ജനങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കില്ലെന്നാണ് നിഗമനം. എന്നാലും കറൻസി വഴി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ചെറുകിട വ്യവസായ, കാർഷിക മേഖലകളെ നോട്ട് പിൻവലിച്ചുകൊണ്ടുള്ള തീരുമാനം കുറച്ചു കാലത്തേക്ക് ബാധിച്ചേക്കാം. അതേസമയം 2,000 രൂപാ നോട്ട് മാറ്റി ചെറിയ മൂല്യമുള്ള നോട്ട് ജനങ്ങൾ വാങ്ങുകയാണെങ്കിൽ ബാങ്കുകളിൽ നിക്ഷേപം കൂടും. എന്നാൽ, നോട്ട് മാറ്റുന്നതിനു പകരം ആളുകൾ സാധനങ്ങൾ വാങ്ങുകയാണെങ്കിൽ അത് സ്വർണ വിപണിക്കായിരിക്കും ഏറ്റവും കൂടുതൽ ഗുണം ചെയ്യുക എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

മെയ് 19നായിരുന്നു രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ നിരോധിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം.

Tags:    

Similar News