അർജുനായുള്ള തെരച്ചിൽ പത്താംനാൾ ; അർജുന്റെ ലോറി മണ്ണിൽ ഉറച്ച നിലയിൽ, മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ പത്താം ദിവസവും പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥയും , ഗംഗാവലി നദിയിലെ ശക്തമായ അടിയൊഴുക്കും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം തെരച്ചിലിൽ നാല് ലോഹ വസ്തുക്കൾ കണ്ടെത്തിയെന്ന് അധികൃതർ സ്ഥിരീകരിച്ചു.ലോറി , ക്യാബിൻ , ടവർ , ഡിവൈഡിംഗ് റെയിൽ എന്നിവയുടെ പോയിന്റാണ് കണ്ടെത്തിയത്.അർജുന്റെ ലോറി നദിയിൽ കണ്ടെത്തിയിട്ടുണ്ട്. കരയിൽ നിന്ന് 60 മീറ്റർ അകലെ 10 മീറ്റർ ആഴത്തിലാണ് അർജുന്റെ ലോറിയുള്ളത്.മണ്ണിൽ ഉറച്ച നിലയിലാണ് ലോറി ഉള്ളത്.
ശക്തമായ ഒഴുക്ക് കാരണം ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിഞ്ഞിട്ടില്ല.ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതൽ ആണെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.ലോറിയും തടിയും തമ്മിൽ വേർപ്പെട്ടിരുന്നു.മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം തെരച്ചിലിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇന്ന് രാത്രിയും ഡ്രോൺ പരിശോധന തുടരാനാണ് തീരുമാനം.അതേസമയം കണ്ടെത്തിയ മൃതദേഹം ടാങ്കർ ലോറി ഡ്രൈവർ ശരവണന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ഉത്തര കന്നഡ എസ് പി , കാർവാർ എംഎൽഎ, റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ കാര്യങ്ങൾ വിശദീകരിച്ചത്