കഞ്ചാവ് വീട്ടിലെത്തിച്ച് മറിച്ച് വിൽപന; 4 പ്രതികൾക്ക് 10 വർഷം തടവ്

Update: 2024-03-19 06:19 GMT

കഞ്ചാവ് കടത്ത് കേസിൽ നാല് പ്രതികളെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കണ്ണൂർ,കാസർകോട് സ്വദേശികളെയാണ് വടകരയിലെ നർക്കോട്ടിക്  ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് (എൻഡിപിഎസ്) കോടതി ശിക്ഷിച്ചത്.

കണ്ണൂരിലെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിനാണ് 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. രണ്ട് വർഷം മുൻപ് കേസിലെ ഒന്നാംപ്രതിയായ ഷിഗിലിന്‍റെ എടച്ചൊവ്വയിലെ വീട്ടിൽ വച്ചാണ് പൊലീസ് 60 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഷിഗിലിനൊപ്പം ഉളിക്കൽ സ്വദേശി ഇ റോയ്, കക്കാട് സ്വദേശി എ നാസർ, കാസർകോട് സ്വദേശി എം ഇബ്രാഹിം എന്നിവരാണ് കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിലുണ്ടായിരുന്നത്. 

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവെത്തിച്ച് കണ്ണൂരിൽ വിവിധ സംഘങ്ങൾക്ക് മറിച്ച് വിൽക്കുകയായിരുന്നു പ്രതികളുടെ രീതി. വീട്ടിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ്. വടകര എൻഡിപിഎസ് കോടതി ജഡ്ജി വിപിഎം സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. പ്രതികൾ പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.വികെ ജോർജ് ഹാജരായി.

Tags:    

Similar News