സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Update: 2023-02-10 14:13 GMT

കൊച്ചിയിൽ അമിതവേഗതയിൽ സ‌ഞ്ചരിച്ച സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവർ അറസ്റ്റിൽ. ദീപു കുമാർ എന്നയാളാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് ആണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. വൈപ്പിൻ സ്വദേശി ആന്‍റണിയാണ് അപകടത്തിൽ മരിച്ചത്.

കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ സിഗ്നൽ കട്ട് ആകുന്നതിന് മുൻപ് മുന്നോട്ടെടുക്കുന്നതിനായി ബസ് അമിത വേഗതയിലായിരുന്നു. സിഗ്നലിൽ ഇടത് വശം ചേർന്ന് പോവുകയായിരുന്ന ആന്‍റണി ബസ് തട്ടിയതോടെ ടയറിന്‍റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. ഇയ്യാളെ ഹോം ഗാർഡും നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം കൊച്ചിയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കേരള ഹൈക്കോടതി അറിയിച്ചു. സംഭവം ബസ് ഡ്രൈവറുടെ പിഴവെന്നാണ് കൊച്ചി ഡിസിപി കോടതിയിൽ പറഞ്ഞത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു.

Tags:    

Similar News