ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

Update: 2023-01-25 14:27 GMT

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളുന്നതുൾപ്പടെ ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈവേ പട്രോളിങ് ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകളില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കണം. കൂടാതെ നിശ്ചിത കാലയളവുകളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബൈക്ക് സ്റ്റണ്ട് തടയുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബര്‍ പെട്രോളിങ് ശക്തിപ്പെടുത്തണം. ഒന്നിലധികം തവണ കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതകളിലും സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് പാതകളിലും റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി റോഡപകടങ്ങള്‍ കുറക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. റോഡ് സുരക്ഷക്ക് മുഖ്യപരിഗണന നല്‍കി ട്രാഫിക്ക് ഇഞ്ചിനിയറിങ് ഡിസൈന്‍സ് വികസിപ്പിക്കണം. റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെല്ലാം പുറമെ സ്‌കൂള്‍ കുട്ടികളുടെ വിനോദ സഞ്ചാരത്തിന് തയാറാക്കിയ മാര്‍ഗരേഖ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. റോഡ് സുരക്ഷ സംബന്ധിച്ച പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. സ്‌കൂളുകള്‍, കോളജുകള്‍, പൊതു സ്ഥാപനങ്ങള്‍ മുതലായവയിലൂടെ കാമ്പയിന്‍ പ്രവര്‍ത്തനം സാധ്യമാക്കണം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികളുടെ സിലബസില്‍ റോഡ് സുരക്ഷ സംബന്ധിച്ച് ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Similar News