പരിഗണന പുതുമുഖങ്ങൾക്ക്; പുതിയ മന്ത്രിയിൽ തീരുമാനം വെള്ളിയാഴ്ച

Update: 2022-08-29 09:05 GMT

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനായതോടെ പുതിയ മന്ത്രിയാരെന്ന ചർച്ചകളിലേക്ക് സിപിഎം കടക്കുന്നു. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പുതിയ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരന്നവരെ പരിഗണിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം.

നിയമസഭാ സമ്മേളനം തീരുന്നതോടെ എംവി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെക്കും. വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രടട്രിയേറ്റ് യോഗം ചേരും. അതിന് മുമ്പ് പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെ പുതുതായി ഉൾപ്പെടുത്താനുള്ള സാധ്യത തീരെയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

ഒന്നോ രണ്ടോ പേരെ ഉൾപ്പെടുത്തിയാൽ എന്തുകൊണ്ട് മറ്റുളളവരെ ഒഴിവാക്കി എന്നുള്ള ചോദ്യം വരും. ഒപ്പം പുതുമുഖങ്ങൾ നേതൃത്വത്തിലേക്ക് വരണമെന്ന പാർട്ടി നയവും ചോദ്യം ചെയ്യപ്പെടും. എംവി ഗോവിന്ദന് പകരം പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിനൊപ്പം വ്യാപകമായ അഴിച്ചുപണി വേണോ എന്നതാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. നിലവിൽ സജി ചെറിയാൻ രാജിവെച്ച ഒഴിവുമുണ്ട്.

നിയമസഭ കയ്യാങ്കളി കേസ് അടുത്ത മാസം 14 ന് കോടതിയിൽ വരുന്ന സാഹചര്യത്തിൽ വി ശിവൻകുട്ടിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റണമെന്ന ചർച്ചയും പാർട്ടിയിൽ നടക്കുന്നുണ്ട്. സ്പീക്കർ സ്ഥാനത്ത് നിന്ന് എംബി രാജേഷിനെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന അഭിപ്രായവും സജീവമാണ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി അടക്കമുള്ള മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

Similar News