തോഷഖാന കേസ്: ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പൊലീസ്; വസതിക്ക് മുന്നിൽ സംഘർഷാവസ്ഥ

Update: 2023-03-05 10:40 GMT

തോഷഖാന കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവുമായ (പിടിഐ) ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റുമായി ഇസ്‌ലാമാബാദ് പൊലീസ്. ലഹോറിലെ സമാൻ പാർക്കിലെ ഇമ്രാന്റെ വസതിയിൽ പൊലീസ് എത്തിയെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നീക്കം. സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറന്റിൽ ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്ത ശേഷം മാർച്ച് ഏഴിന് കോടതിയിൽ ഹാജരാകാനാണ് ഉത്തരവ്. ഇമ്രാന്റെ വസതിക്കു മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധവുമായി ഇമ്രാന്റെ അനുയായികളും രംഗത്തെത്തി. അറസ്റ്റ് തടയാൻ ഉടൻ തന്നെ അദ്ദേഹത്തിന്റെ വസതിയിൽ എത്തണമെന്ന് പ്രവർത്തകരോട് പാർട്ടി ആവശ്യപ്പെട്ടു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റുവെന്നാണ് കേസ്. ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ അവ കൈവശം വയ്ക്കാം. അല്ലാത്തവ 'തോഷഖാന' എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നൽകി വാങ്ങാനാകും. എന്നാൽ ഇമ്രാൻ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവിൽക്കുകയും ചെയ്തു എന്നാണ് ആരോപണം.

കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയ തിരഞ്ഞെടുപ്പു കമ്മിഷൻ, പദവികൾ വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. 2018 മുതൽ 4 വർഷം പ്രധാനമന്ത്രിയായിരുന്നപ്പോൾ 14 കോടി പാക്ക് രൂപ (ഏകദേശം 5.25 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന വാച്ച് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഇമ്രാൻ ഖാൻ വാങ്ങുകയും വിൽക്കുകയും ചെയ്തെന്നാണ് ആരോപണം. ആദ്യം സർക്കാരിനെ ഏൽപിച്ച വസ്തുക്കൾ പിന്നീട് കുറഞ്ഞ വിലയ്ക്ക് ലേലത്തിൽ വാങ്ങുകയും അനേകം ഇരട്ടി വിലയ്ക്ക് പൊതുവിപണിയിൽ വിൽക്കുകയും ചെയ്തതായി ഇമ്രാൻ തന്നെ സമ്മതിച്ചിരുന്നു.

Tags:    

Similar News