സിസിടിവി ദൃശ്യങ്ങൾ തെളിവായി ; ജോലി ചെയ്തിരുന്ന കടയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന യുവതിക്ക് 235 വർഷം തടവ് ശിക്ഷ , മോഷ്ടിച്ചത് 6 കോടിയുടെ സ്വർണം

Update: 2024-11-18 09:25 GMT

താൻ ജോലി ചെയ്യുകയായിരുന്ന കടയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതിക്ക് 235 വർഷം തടവ് ശിക്ഷ. തായ്‌ലൻഡിലായിരുന്നു സംഭവം. കടയുടമ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് യുവതി ഒന്നോ രണ്ടോ തവണയല്ല തന്റെ കടയിൽ നിന്നും 47 തവണ മോഷ്ടിച്ചതായി മനസ്സിലായത്.

വടക്ക് കിഴക്കൻ തായ്‌ലൻഡിലെ ഖോൻ കെയ്ൻ പ്രദേശത്താണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ജോലിക്കാരിയായ സോംജിത് ഖുംദുവാങ് എന്ന സ്ത്രീയാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ആദ്യം കടയുടമയ്ക്ക് സ്ത്രീ ആഭരണങ്ങൾ മോഷ്ടിക്കുന്നതായി ചെറിയ സംശയം ഉടലെടുക്കുകയായിരുന്നു. അങ്ങനെയാണ് സിസിടിവി ക്യാമറ പരിശോധിക്കുന്നത്. ക്യാമറ പരിശോധിച്ചപ്പോൾ, 2021 മുതൽ യുവതി ആഭരണങ്ങൾ മോഷ്ടിക്കാൻ തുടങ്ങിയതായി കണ്ടെത്തി. മൊത്തത്തിൽ, 47 തവണ അവർ കടയിൽ നിന്നും മോഷ്ടിച്ചു എന്നും കണ്ടെത്തി.

റിപ്പോർട്ടുകൾ പ്രകാരം രണ്ട് മാസം മുമ്പാണ് കടയുടമ അവളെ സംശയിച്ചു തുടങ്ങിയത്. അവളുടെ വസ്ത്രത്തിൽ നിന്നും ഒരു നെക്ക്ലേസ് താഴെ വീണപ്പോഴായിരുന്നു ഇത്. എന്നാൽ, താൻ കടയിലെ സ്വർണാഭരണങ്ങൾ പ്രദർശിപ്പിച്ച കൗണ്ടറിന്റെ അടുത്ത് നിന്നപ്പോൾ അറിയാതെ പോക്കറ്റിൽ വീണതായിരിക്കാം അത് എന്നായിരുന്നു യുവതി പറഞ്ഞത്.

പിന്നീടാണ് കടയുടമ ക്യാമറ പരിശോധിക്കുന്നത്. ആറ് കോടി രൂപയുടെ ആഭരണങ്ങൾ യുവതി ഇതുവരെയായി മോഷ്ടിച്ചു എന്നാണ് കടയുടമ പറയുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷം, മോഷ്ടിച്ച സാധനങ്ങൾ ഉപയോഗിച്ച് യുവതി ഭൂമിയും മറ്റ് പല വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങിയതായി കണ്ടെത്തി. പുതിയ ബൈക്കിൻ്റെയും ആഭരണങ്ങളുടെയും ഫോട്ടോ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചതായും പൊലീസ് അവകാശപ്പെട്ടു. യുവതി 10 വർഷമായി ഈ കടയിൽ ജോലി ചെയ്യുകയാണ്. അതിനാൽ മോഷ്ടിച്ചതെല്ലാം തിരികെ നൽകിയാൽ നിയമനടപടി സ്വീകരിക്കില്ലെന്ന് ഉടമ ആവർത്തിച്ച് പറഞ്ഞിരുന്നു.

എന്നാൽ, ഒരുകോടി രൂപയുടെ സാധനങ്ങൾ മാത്രമാണത്രെ അവർ തിരികെ നൽകിയത്. പിന്നാലെ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, കോടതി ഇവരെ 235 വർഷത്തേക്ക് തടവിന് ശിക്ഷിച്ചതാണ് ഏറ്റവും വിചിത്രമായ കാര്യം. 

Tags:    

Similar News