ഇന്ത്യയ്‌ക്കെതിരെ 'അണവായുധ യുദ്ധം' നടത്തും: ഭീഷണിയുമായി പാക്ക് നേതാവ്

Update: 2022-12-18 05:18 GMT

ഇന്ത്യയ്‌ക്കെതിരെ അണവായുധ യുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാവ്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവായ ഷാസിയ മാരിയാണ് ഭീഷണിയുയർത്തിയത്. പാക്ക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയതിനെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു. ഇതിനു മറുപടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ഷാസിയ മാരിയുടെ ഭീഷണി.

പാക്കിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവ നിലപാടെന്നത് നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാൽ അത് ഉപയോഗിക്കുന്നതിൽനിന്നു പിന്നാക്കം പോകില്ല'' - മാരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാനെ ഭീകരതയുടെ പ്രഭവകേന്ദ്രം എന്ന് യുഎന്നിൽ വച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഭൂട്ടോ യുഎന്നിൽ വച്ച് ''ഉസാമ ബിൻലാദൻ മരിച്ചു. എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്'' എന്ന പരാമർശം നടത്തിയത്. ഭൂട്ടോയുടേത് 'സംസ്‌കാര ശൂന്യമായ പൊട്ടിത്തെറി'യാണെന്നും ഭീകരരെ ഉപയോഗിക്കാനുള്ള പാക്കിസ്ഥാന്റെ കഴിവില്ലായ്മയാണ് പുറത്തുവരുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.

Similar News