ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ ; ജബാലിയ അഭയാർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

Update: 2024-10-19 08:35 GMT

ഗാസ്സയിലെ അഭയാർഥി ക്യാംപുകളിലും ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു. വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാംപിലുള്ള ആശുപത്രി വളഞ്ഞ് ഇസ്രായേൽ സൈന്യം ആക്രമിച്ചു. ആക്രമണത്തിൽ 33 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 21 പേരും സ്ത്രീകളും കുട്ടികളുമാണ്.

ജബാലിയ അഭയാർഥി ക്യാംപിലെ ഇന്തോനേഷ്യൻ ആശുപത്രിക്കു നേരെയായിരുന്നു ഇസ്രായേൽ ആക്രമണം നടന്നത്. ആശുപത്രി വളഞ്ഞ ശേഷം സൈന്യം ഇങ്ങോട്ടുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു. തുടർന്നാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിൽ 85 പേർക്ക് പരിക്കേറ്റതായാണു റിപ്പോർട്ട്. നിരവധി പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് ഗസ്സ മാധ്യമവിഭാഗവും ഫലസ്തീൻ വാർത്താ ഏജൻസി 'വഫാ'യും അറിയിക്കുന്നത്.

ഇസ്രായേൽ ടാങ്കുകൾ ജബാലിയ ക്യാംപിലേക്ക് ഇരച്ചെത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മേഖലയിലെ മറ്റു വീടുകളെല്ലാം തകർത്ത ശേഷമാണ് സൈന്യം ക്യാംപിലേക്ക് എത്തിയത്. ഇതിനിടയിൽ നിരവധി വീടുകളും കെട്ടിടങ്ങളും ബോംബിട്ടു തകർത്തു. രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്ത് എത്താനാകുന്നില്ലെന്നാണ് ആരോഗ്യ ജീവനക്കാർ പറയുന്നത്. സമീപത്തെ നിരവധി വീടുകൾക്കുനേരെയും ഇസ്രായേൽ ആക്രമണം നടന്നതായി ഇവർ പറയുന്നു.

ഏതാനും മണിക്കൂറുകൾക്കിടയിൽ ഗസ്സയുടെ മറ്റു ഭാഗങ്ങളിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടു. ഇതിൽ 20 പേരും മരിച്ചത് ജബാലിയയിലാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പറയുന്നു.

ബൈത്ത് ലാഹിയയിലെ മറ്റ് രണ്ട് ആശുപത്രികളും ഇസ്രായേൽ സൈന്യം വളഞ്ഞതായി റിപ്പോർട്ടുണ്ട്. ആശുപത്രികൾക്ക് നേരെ സൈന്യം ഷെല്ലാക്രമണം നടത്തി. വടക്കൻ ഗാസ്സയിൽ ജബാലിയയിലെ അൽ ഔദ ആശുപത്രിയും ബൈത്ത് ലാഹിയയിലെ കമാൽ അദ്‌വാൻ ആശുപത്രിയുമാണ് ഇസ്രായേൽ സൈന്യം ആക്രമിച്ചത്. കമാൽ അദ്‌വാൻ ആശുപത്രിയുടെ പ്രവേശന കവാടം ആക്രമിച്ച് ഒരാളെ സൈന്യം കൊലപ്പെടുത്തി. ആശുപത്രികളെ തകർത്തേക്കുമെന്ന് ആരോഗ്യപ്രവർത്തകർക്ക് ആശങ്കയുണ്ട്.

Tags:    

Similar News