ഇസ്രയേൽ വ്യോമാക്രമണം; വടക്കൻ ഗാസയിൽ 73 മരണം

Update: 2024-10-20 05:22 GMT

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വടക്കൻ ഗാസയിൽ 73 മരണം. ബൈത് ലാഹിയ പട്ടണത്തിൽ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൂർണമായും ഉപരോധം ഏർപ്പെടുത്തിയാണ് ഇസ്രയേൽ കൂട്ടക്കൊല നടത്തുന്നതെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു.

ബൈത്ത് ലാഹിയയിലെ കെട്ടിട സമുച്ചയങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി വീടുകൾ തകർന്നുവെന്നും നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നും ഇസ്രയേൽ അറിയിച്ചു. ഗാസയിൽ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 108 ആയി.

ഹമാസ് തലവൻ യഹിയ സിൻവാറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളുള്ള ലഘുലേഖകളും ഇസ്രയേൽ സൈന്യം വിമാനത്തിൽ നിന്ന് ഗാസയിലേക്ക് വിതറി. ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്നും ആയുധംവെച്ച് കീഴടങ്ങുന്നവരേയും ബന്ദികളെ വിട്ടയക്കുന്നവരേയും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാമെന്നും ലഘുലേഖയിലുണ്ട്. പൗരൻമാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് വടക്കൻ ബെയ്റൂത്തിലും ലഘുലേഖകൾ വിതറി.

നേരത്തെ യഹിയ സിൻവാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരെ ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ലെബനിൽനിന്ന് വിക്ഷേപിച്ച ഡ്രോണുകളിൽ രണ്ടെണ്ണം ഇസ്രയേൽ സൈന്യം പ്രതിരോധിച്ചിരുന്നു. ആക്രമണം നടന്ന സമയം നെതന്യാഹുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.

Tags:    

Similar News