ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ സിറിയയിൽ കൊല്ലപ്പെട്ടു; അബു ഹാഫ്സ് അൽ–ഹാഷിമി അൽ-ഖുറേഷിയെ പുതിയ തലവൻ

Update: 2023-08-04 03:01 GMT

ഭീകരസംഘടനായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഹുസൈൻ അൽ ഹുസൈനി അൽ-ഖുറേഷി കൊല്ലപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ ഹയാത്ത് തഹ്‌രീർ അൽ-ഷാം സംഘവുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് അബു ഹുസൈൻ അൽ-ഖുറേഷി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ എപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.

അബു ഹാഫ്സ് അൽ–ഹാഷിമി അൽ-ഖുറേഷിയെ പുതിയ തലവനായി തിരഞ്ഞെടുത്തതായും വക്താവ് അറിയിച്ചു. ഐഎസിന്റെ അഞ്ചാമത്തെ തലവനാണ് അബു ഹാഫ്സ് അൽ–ഖുറേഷി. ടെലിഗ്രാം ആപ്പിലെ ചാനുകളിൽ റെക്കോർഡ് ചെയ്‌ത വിഡിയോ സന്ദേശത്തിലാണ് ഐഎസ്‌ വക്താവ് ഇക്കാര്യം അറിയിച്ചത്.

അബു ഹുസൈൻ അൽ ഹുസൈനി അൽ-ഖുറേഷിയെ തുർക്കി രഹസ്യാന്വേഷണ സേന വധിച്ചതായി തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ ഏപ്രിലിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് ഐഎസ് തള്ളിയിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് മുൻ തലവൻ അബു ഹസൻ അൽ-ഹാഷിമി അൽ-ഖുറേഷി കൊല്ലപ്പെട്ടതായി ഐഎസ് അറിയിച്ചത്. ഇയാളുടെ മുൻഗാമിയായ അബു ഇബ്രാഹിം അൽ ഖുറേഷി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇദ്‌ലിബ് പ്രവിശ്യയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2019 ഒക്ടോബറിൽ ഇദ്‌ലിബിൽവച്ചു തന്നെയാണ് ഐഎസിന്റെ ആദ്യ തലവൻ അബൂബക്കർ അൽ-ബാഗ്ദാദി കൊല്ലപ്പെടുന്നത്.

Similar News