ഇറാൻ പ്രസിഡന്റ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവം ; ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് ഇറാൻ സൈന്യം
ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍, തകര്‍ന്ന ഉടന്‍ തീപിടുത്തമുണ്ടായെന്നും ആക്രമണത്തിന്റെ ലക്ഷണമില്ലെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി. ഒരു പര്‍വതത്തില്‍ ഇടിച്ചതിന് തൊട്ടുപിന്നാലെ തീ പിടിക്കുകയായിരുന്നു. അതല്ലാതെ ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണമൊന്നും ഇല്ലെന്ന് കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്നും സൈനിക തലവന്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ തൊട്ട് മുമ്പ് കണ്‍ട്രോള്‍ ടവറും ഹെലികോപ്ടറിലെ ജീവനക്കാരും തമ്മിലുള്ള ആശയ വിനിമയത്തില്‍ സംശയാസ്പദമായ ഒന്നും ഉണ്ടായിരുന്നില്ലെന്നും ജനറല്‍ സ്റ്റാഫ് കൂട്ടിച്ചേർത്തു. ഹെലികോപ്ടറിന്റെ പാതയില്‍ മാറ്റമില്ലെന്നും വെടിയുതിര്‍ത്തതിന്റെ ലക്ഷണമൊന്നുമില്ലെന്നും കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച ഇറാന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് മൂടല്‍മഞ്ഞുള്ള പര്‍വത പ്രദേശത്താണ് ബെല്‍ ഹെലികോപ്ടര്‍ തകര്‍ന്നത്. തിങ്കളാഴ്ച രാവിലെ യാണ് ഇറാന്‍ പ്രസിഡന്റുള്‍പ്പെടെ എട്ട് പേരും മരിച്ച നിലയില്‍ കണ്ടെത്തിയത്.