അധികാരമേറ്റതിന് പിന്നാലെ മെക്സിക്കോ അതിര്‍ത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്
47-മത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുമ്പോൾ പ്രതീക്ഷിച്ച തീരുമാനങ്ങളും നയങ്ങളും ഒന്ന് വിടാതെ പ്രഖ്യാപിച്ചാണ് ട്രംപിന്റെ സത്യപ്രതിജ്ഞാ പ്രസംഗം. തെരഞ്ഞെടപ്പ് പ്രചാരണ വേളയിലും മുമ്പും പറഞ്ഞ കാര്യങ്ങൾ സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ ആവര്‍ത്തിക്കുകയാണ് ട്രംപ്.
ഒപ്പുവയ്ക്കാൻ ഒരുങ്ങുന്ന സുപ്രധാന ഉത്തരവുകൾ തുറന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ്. യുഎസ്-മെക്സിക്കോ അതിര്‍ത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് ആദ്യ തീരുമാനം. ഇത് സംബന്ധിച്ച എക്സിക്യൂട്ടിവ് ഓര്‍ഡറിൽ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയുമെന്നതിനൊപ്പം, യാതൊരു തരത്തിലുള്ള പൗരത്വ പരിപാടികളും തുടരില്ലെന്നും അനധികൃതമായി, കുടിയേറിയ കുറ്റവാളികളെ പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കുന്നു.
കുടിയേറ്റ പ്രശ്നത്തിൽ അതി ശക്തമായ നിലപാട് ആദ്യ ദിനം തുറന്നടിച്ച പ്രസിന്റ്, യുഎസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ക്ക് നിയമ സാധുത ഇല്ലെന്നും, അതിന് അനുവദിക്കില്ലെന്നും വ്യക്തമാക്കുകയാണ് ട്രംപ്. 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ജെൻഡര്‍ കമ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന കടുത്ത പ്രഖ്യാപനം. രാജ്യത്തെ ജനസംഖ്യയുടെ 1.2 ശതമാനം ഉൾക്കൊള്ളുന്ന ജനസംഖ്യയെ ബാധിക്കുന്ന നയപരമായ ഈ തീരുമാനം കോടതി കയറുമെന്ന് ആദ്യ മിനുട്ടുകളിൽ തന്നെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിർത്തികൾ സംരക്ഷിക്കാൻ പ്രവർത്തിച്ചപ്പോൾ സ്വന്തം അതിർത്തി സംരക്ഷിക്കാൻ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്. കഴിഞ്ഞ 8 വർഷം താൻ നേരിട്ട വെല്ലുവിളി കൾ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ല. വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു. ഇനി മുതൽ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. 2025 ജനുവരി 20 ലിബറേഷൻ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.