മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് കൈമാറി; ഗാസയിൽ വെടിനിറുത്തൽ കരാർ പ്രാബല്യത്തിൽ

Update: 2025-01-19 10:34 GMT

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായി റിപ്പോർട്ട്. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായത്.

ഇന്ന് മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു. തുടർന്നാണ് 3 മണിക്കൂർ നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രാബല്യത്തിൽ വരികയായിരുന്നു. അതേസമയം, ഇസ്രയേൽ ഇന്നും ഗാസയിൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കാണ് ഇസ്രയേൽ - ഹമാസ് സമാധാന കരാറോടെ അവസാനമാകുന്നത്. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെ തുടങ്ങിയ സംഘർഷം മധ്യപൂർവേഷ്യയെ ആകെ അസ്ഥിരമാക്കി. യുദ്ധത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്. അതിലും എത്രയോ ഇരട്ടി ആളുകൾക്ക് ജീവിതം തന്നെ ഇല്ലാതായി.

ഡിസംബറിന്‍റെ തുടക്കം സമാധാനശ്രമങ്ങളുടേതായിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവർ ചർച്ചകൾക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് നിയുക്ത പ്രസിഡന്‍റ് ട്രംപ് ആവർത്തിച്ചു. ഇതിനിടയിലെല്ലാം ആക്രമണം തുടർന്നു കൊണ്ടിരുന്നു. 46000ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തിലധികംപേർക്ക് പരിക്കേറ്റു. പക്ഷേ ചർച്ചകൾ തുടർന്നു. കൂടുതൽ മധ്യസ്ഥൻമാരുണ്ടായി.ഒടുവിൽ ജനുവരി 15ന്, 15 മാസങ്ങൾക്കിപ്പുറം ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം ലഭിച്ചു. ഇന്ന് കരാർ പ്രാബല്യത്തിലും വന്നു.

Tags:    

Similar News