ഗാസയിലെ പരിക്കേറ്റ കുട്ടികള്‍ക്ക് ചികിത്സ നല്‍കുമെന്ന് കൊളംബിയ

Update: 2024-06-14 14:32 GMT

ഗാസയിൽ ഇസ്രായേല്‍ ആക്രമണത്തിനിടെ പരിക്കേറ്റ കുട്ടികള്‍ക്ക് കൊളംബിയ ചികിത്സയൊരുക്കും. കൊളംബിയന്‍ സൈനിക ആശുപത്രിയാണ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ കുട്ടികളെ അവരുടെ കുടുംബത്തോടൊപ്പം കൊളംബിയയിലേക്ക് കൊണ്ടുപോകുമെന്ന് ബഹുമുഖകാര്യ മന്ത്രി എലിസബത്ത് ടൈലര്‍ ജെയ് പറഞ്ഞു. അതേസമയം, എത്ര കുട്ടികളെ കൊണ്ടുപോകും, എത്രകാലം ചികിത്സ നല്‍കും തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.

സൈനിക ഡോക്ടര്‍മാരാകും പലസ്തീൻ കുട്ടികളെ ചികിത്സിക്കുക. കൊളംബിയയിലെ ആഭ്യന്തര യുദ്ധത്തിനിടെയുള്ള ഡോക്ടര്‍മാരുടെ അനുഭവസമ്പത്ത് ചികിത്സക്ക് സഹായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ യു.എ.ഇ, ജോര്‍ഡന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും ഇത്തരത്തില്‍ പലസ്തീനികള്‍ക്ക് ചികിത്സ വാഗ്ദാനം ചെയ്തിരുന്നു. ഇസ്രായേലുമായി എല്ലാവിധ ബന്ധങ്ങളും വിച്‌ഛേദിച്ച രാജ്യമാണ് കൊളംബിയ. ഇസ്രായേലിലേക്കുള്ള കല്‍ക്കരി കയറ്റുമതി നിര്‍ത്തിവെച്ചതായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വംശഹത്യ അവസാനിപ്പിക്കുന്നത് വരെ കയറ്റുമതി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇസ്രായേലുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും വിച്‌ഛേദിക്കുകയാണെന്ന് അദ്ദേഹം മെയ് ഒന്നിന് പ്രഖ്യാപിക്കുകയുണ്ടായി.

252 ദിവസം പിന്നിടുമ്പോഴും ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ ആക്രമണം തുടരുകയാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് നേരെ വലിയരീതിയിലുള്ള ആക്രമണമാണ് അഴിച്ചുവിടുന്നത്. കൂടാതെ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും കുട്ടികളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഗാസയിലെ അഞ്ച് വയസ്സിന് താഴെയുള്ള 85 ശതമാനം കുട്ടികള്‍ക്കും മൂന്നില്‍ ഒരു ദിവസം പൂര്‍ണമായും ഭക്ഷണം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുപ്പതിലധികം കുട്ടികള്‍ ഇതുവരെ പട്ടിണി കാരണം കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയില്‍ രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.

Tags:    

Similar News