യു.എസ് സൈനികർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് യു.എസ് പ്രസിഡന്‍റ്

Update: 2024-01-29 06:20 GMT

വടക്കുകിഴക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ യു.എസ് സൈനികർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് വ്യക്തമാക്കി യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. മൂന്ന് യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിന് പിന്നിൽ സിറിയയിലും ഇറാഖിലും ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണെന്നു പറഞ്ഞ ബൈഡൻ തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നവും വ്യക്തമാക്കി. കൂടാതെ കനത്ത തിരിച്ചടി നൽകുമെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിനും പറഞ്ഞിരിക്കുന്നത്.

ഡ്രോൺ ആക്രമണത്തിൽ 34 യു.എസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് സൈനികവൃത്തങ്ങൾ അറിയിച്ചത്. ഗസ്സയിൽ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് യു.എസ് സൈനികർ കൊല്ലപ്പെടുന്നത്.

അതിരാവിലെയാണ് സൈനിക ബാരക്കിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതെന്നും അതാണ് ആഘാതം വർധിക്കാനിടയാക്കിയതെന്നും യു.എസ് അധികൃതർ സൂചിപ്പിച്ചു. അതേസമയം മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Tags:    

Similar News