ഹംപി ചരിത്രശേഷിപ്പുകൾ കണ്ടുകഴിഞ്ഞാൽ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ മറക്കല്ലേ...കർണാടകയിലെ പുരാതന നഗരമാണ് ഹംപി. സഞ്ചാരികളെ ചരിത്രത്തിന്‍റെ ഉൾക്കടലിലൂടെ നടത്തുന്നു ഹംപി. നമ്മുടെ ഇന്നലെകളെ തൊട്ടറിയാം ഹംപിയിലെത്തിയാൽ. വലിയ പാരന്പര്യമുള്ള നഗരമാണ് ഉത്തരകർണാടകയിലെ ഹംപി. 1336ലാണ് ഹംപി സ്ഥാപിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു ഹംപി. ഹുബ്ലിയിൽനിന്ന് 163 കിലോമീറ്റർ കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ാളം കിലോമീറ്റർ വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി നഗരം സ്ഥിതി ചെയ്യുന്നത്.
വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഹംപി, വിജയനഗരകാലത്തിനു ശേഷവും ഒരു പ്രധാനപ്പെട്ട തീർഥാടനകേന്ദ്രമായി തുടരുന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഹംപിയിലെത്തുന്നത്. ചരിത്രശേഷിപ്പുകൾ സന്ദർശിച്ചതിനു ശേഷം കാണാവുന്ന മറ്റു ചില വിനോദസഞ്ചാരകേന്ദ്രങ്ങളും ഹംപിയിലുണ്ട്.
തുംഗഭദ്രയിലെ കുട്ടവഞ്ചി
ചരിത്രനഗരത്തിലെത്തിയാൽ തുംഗഭദ്ര നദിയിൽ കുട്ടവഞ്ചി സവാരി ആസ്വദിക്കാം. ഹംപിലെത്തുന്നവർ കുട്ടവഞ്ചി സവാരി മറക്കാറില്ല. തുംഗഭദ്രയുടെ മറുകരയായ ആനെഗുണ്ടിയിലേക്കു കുട്ടവഞ്ചിയിൽ പോയിവരാം. മറുകരയിലെ ആഘോഷപരിപാടികളിലും പങ്കെടുക്കാനാകും. വിവിധ ബാന്‍ഡുകള്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്നുകള്‍ അവിടെയുണ്ട്. ഹംപി നഗരത്തിന്‍റെ തിരക്കില്‍ നിന്നൊക്കെ ഒഴിവായി അൽപ്പനേരം സ്വസ്ഥമായി ഇരിക്കാം.
ദറോജിയിലെ ജംഗിൾ സഫാരി
ഹംപിയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെയാണ് ദറോജി കരടി സങ്കേതം. ദറോജിയിലെ വിടത്തെ ജംഗിള്‍ സഫാരി പ്രസിദ്ധമാണ്. ഇന്ത്യന്‍ തേന്‍ കരടിയാണ് ഇവിടെയുള്ളത്. ഹംപിയുടെ തിരക്കുകളില്‍ നിന്ന് മാറിനിന്ന് കരടികളുടെ സങ്കേതത്തിലേക്ക് ഒരു ട്രിപ് പോകുകയും ചെയ്യാം.
കരടികൾ മാത്രമല്ല, വിവിധ ഇനത്തിലുള്ള ധാരാളം പക്ഷികളെയും കാണാം. പല തരത്തിലുള്ള ചിത്രശലഭങ്ങളും ഇവിടെയുണ്ട്.
ഗ്രാമീണ പാതകളിലൂടെ സൈക്കിള്‍ സവാരി
ഹംപി സന്ദർശിച്ചവർ അവിടത്തെ സൈക്കിൾ സവാരി ഒരിക്കലും മറക്കില്ല. ഹംപിയുടെ ഗ്രാമീണ ജീവിതം അടുത്തറിയാൻ സൈക്കിൾ സവാരി തീർച്ചയായും നടത്തണം. ഹംപിയിൽ സൈക്കിൾ വാടകയ്ക്കു ലഭിക്കുന്ന ധാരാളം കടകളുണ്ട്. സൈക്കിളിൽ സഞ്ചരിക്കുന്ന സഞ്ചാരിയെ ഹംപിക്കാർ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.