ഒന്നര ലക്ഷം വര്‍ഷം പഴക്കമുള്ള ആദിമ മനുഷ്യന്റെ കാല്‍പ്പാടുകള്‍ സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തി..!
ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍വച്ച് അപൂര്‍വമായ കണ്ടെത്തലാണു ഗവേഷകര്‍ നടത്തിയത്. 153,000 വര്‍ഷം പഴക്കമുള്ള ആദിമ മനുഷ്യന്റെ കാല്‍പ്പാടുകള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു! ഇരുപതു വര്‍ഷം മുമ്പുവരെ 50,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയെന്നതു പ്രയാസകരമാണെന്നായിരുന്നു ഗവേഷകര്‍ കരുതിയിരുന്നത്. മനുഷ്യരാശിയുടെ മാതൃരാജ്യം ആഫ്രിക്കയാണെന്നു ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. 300,000 വര്‍ഷം മുന്‍പ് ഹോമോ സാപിയന്‍സ് ആദ്യകാല ജീവജാലങ്ങളില്‍നിന്നു വ്യതിചലിച്ചത് ആഫ്രിക്കയിലെവിടെയോ ആണെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ കേപ് സൗത്ത് തീരത്താണ് ഏഴ് 'ഇക്‌നോസൈറ്റ്‌സ്' (പുരാതന മനുഷ്യ അടയാളങ്ങള്‍ അടങ്ങിയ സ്ഥലങ്ങള്‍) ഗവേഷകര്‍ കണ്ടെത്തിയത്. 71,000 മുതല്‍ 153,000 വര്‍ഷം വരെ പഴക്കമുണ്ടെന്നാണു ഗവേഷകരുടെ കണക്കുകൂട്ടല്‍.1960ല്‍ വടക്കന്‍ ആഫ്രിക്കയിലെ നാഹൂനിലാണ് ആദ്യമായി ഇത്തരം കണ്ടെത്തല്‍ നടക്കുന്നത്.
ഓരോ പുതിയ കണ്ടെത്തലുകളും നിലവിലുള്ള പുരാവസ്തുശാസ്ത്രത്തിനു കൂടുതല്‍ മുന്നോട്ടുപോകാനുള്ള സാധ്യതകള്‍ തുന്നിടുന്നു. കല്ലില്‍ തീര്‍ത്ത ആയുധങ്ങളും ആഭരണങ്ങളും ശില്‍പ്പങ്ങളുമെല്ലാം ആഫ്രിക്കയിലെ കേപ്പ് സൗത്ത് തീരത്തെ ആദിമമനുഷ്യരുടെ വാസത്തിനും പില്‍കാലത്ത് ഇവിടെനിന്നു പല ഭൂഖണ്ഡങ്ങളിലേക്കു പലായനം ചെയ്തതിനും തെളിവുകളാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. കിഴക്കന്‍ ആഫ്രിക്കയോടു സാമ്യമില്ലാത്തവയാണ് വടക്കന്‍ ആഫ്രിക്കന്‍ സമൂഹം. കിഴക്കന്‍ ആഫ്രിക്കയില്‍ 3.66 മുതല്‍ ഏഴു ദശലക്ഷം വര്‍ഷം വരെ ഓസ്ട്രാലോപിത്തെസിന്‍സ്, ഹോമോ ഹെയ്‌ടെല്‍ബെര്‍ഗെന്‍സിന്‍സ്, ഹോമോ ഇറക്ടസ് എന്നീ പുരാതന മനുഷ്യവംശങ്ങളുടെ കാലമായാണു പറയുന്നത്.
പുതിയ കണ്ടെത്തലുകള്‍ പിച്ചറസ്‌ക് ഗാര്‍ഡന്‍ റൂട്ട് നാഷണല്‍ പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കന്‍ ആഫ്രിക്കയിലെ നാഹൂനില്‍ 1,24,000 വര്‍ഷങ്ങള്‍ക്ക് മുമ്പും ലാംഗെബാനില്‍ 1,17,000 വര്‍ഷങ്ങള്‍ക്കു മുമ്പുമുള്ള ആദിമമനുഷ്യന്റെ അടയാളങ്ങളാണു കണ്ടെത്തിയത്. വടക്കന്‍ ആഫ്രിക്കയിലെ, കേപ്പ് സൗത്ത് കോസ്റ്റിലെ നൈസ്‌നയുടെ പടിഞ്ഞാറു ഭാഗത്താണ് പിച്ചറസ്‌ക് ഗാര്‍ഡന്‍ റൂട്ട് നാഷണല്‍ പാര്‍ക്ക്.