നിരതെറ്റിയ പല്ലുകൾ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ദന്ത പ്രശ്നമാണ്. ഓർത്തോഡോൺടിക്സ് അഥവാ പല്ലിൽ കമ്പി ഇടുന്ന ചികിൽസാ പഠനത്തിൻറെ നിർവചനം തന്നെ മുഖത്തിൻറെയും എല്ലുകളുടെയും വളർച്ചയുടെയും വികസനത്തിൻറെയും പഠനം എന്ന വാക്കിൽ നിന്നാണു തുടങ്ങുന്നത്. അതിനാൽ തന്നെ ആറു വയസിനും 12 വയസിനും ഇടയ്ക്ക് കൃത്യമായ പല ചികിത്സകളുമുണ്ട്.
12 വയസിനു ശേഷം മാത്രമേ ഉറപ്പിച്ചു വയ്ക്കുന്ന പല്ലിൽ കമ്പിയിട്ടുന്ന ചികിത്സാരീതികൾ നടത്താൻ സാധിക്കുകയുള്ളു. ഇതിന് ഏറ്റവും ഉചിതമായ സമയം 12 നും 16 നും ഇടയിലുള്ള പ്രായമാണ്.
പ്രധാന പ്രശ്നങ്ങൾ
ക്രൂക്കഡ് ടീത്ത് (വളഞ്ഞത്), തിങ്ങിനിറഞ്ഞ പല്ലുകൾ, മുകൾ മോണയും കീഴ്താടിയും തമിലുള്ള പൊരുത്തക്കേട്, അടുത്തുള്ള പല്ലുകൾ ഒന്നിനു മുകളിൽ ഒന്ന് കയറി ഇരിക്കുന്ന അവസ്ഥ, അധികമോ കുറവോ പല്ലുകൾ, എല്ലിൽ കുടുങ്ങി പുറത്തുവരാത്ത പല്ലുകൾ, താടിയെല്ലിൻറെ പ്രശ്നങ്ങൾ
കാരണങ്ങൾ
വളഞ്ഞ പല്ലുകൾ നിരതെറ്റിനും തിങ്ങിനിറഞ്ഞ പല്ലുകൾക്കും കാരണമാകും. ഇത് താടിയെല്ലിൻറെ വളർച്ച, പറിയേണ്ട സമയത്തിനു മുമ്പേ പല്ലുകൾ പറിഞ്ഞുപോകുന്നത്, വിരൽ കുടിക്കുന്ന സ്വഭാവം ദീർഘകാലം നിലനിൽക്കുന്നത്, മസിലുകളുടെ അസന്തുലിതാവസ്ഥ എന്നീ പ്രശ്നങ്ങൾ കാരണമാണ് പ്രധാനമായും ഉണ്ടാകുന്നത്. പല്ലുകളുടെ വലുപ്പക്കൂടുതൽ കൊണ്ടും ഇത് ഉണ്ടാക്കാം.
മുകൾ മോണയും കീഴ്ത്താടിയും തമ്മിൽ ചേരുമ്പോൾ കൃത്യമായ അലൈൻമെൻറിൽ അടയാത്ത അവസ്ഥയ്ക്ക് പല കാരണങ്ങളുണ്ട്. ഇതിൽ പ്രധാനമായത് നിരതെറ്റൽ, വളഞ്ഞ പല്ലുകൾ, പല്ലിനിടയിലെ വിടവുകൾ, അധികമായി വരുന്ന പല്ലുകൾ, പല്ലു വരാതിരിക്കുന്നത്, വിരൽ കുടിക്കുക, നാക്ക് തള്ളുക, വായിൽക്കൂടി ശ്വസിക്കുക, അമിതമായ കടി വരുക, മോണ രോഗം എന്നിവ. ജനിതക കാരണങ്ങളും പാരിസ്ഥിതിക കാരണങ്ങളും ഇതിന് സ്വാധീനം ചെലുത്തുന്നുണ്ട്. കയറി ഇറങ്ങി നിൽക്കുന്ന പല്ലുകൾക്കു കാരണം ക്രോസ് ബൈറ്റ്, ഡീപ്പ് ഓവർ ബൈറ്റ് എന്നീ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ വിദഗ്ധനായ ഡെൻറിസ്റ്റിൻറെ ചികിത്സ തേടുക.