ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ പരമ്പരാഗത റമദാൻ മാർക്കറ്റിന് തുടക്കമായി. ഇന്നലെ തുടക്കം കുറിച്ച റമദാൻ സൂഖ് മാർച്ച് 9 വരെ നീണ്ടു നിൽക്കും. റമദാൻ സൂഖ് സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി നേരത്തെ അറിയിച്ചിരുന്നു. ദിവസവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
റമദാൻ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട എമിറേറ്റിലെ വിശിഷ്ടമായ പരമ്പരാഗത ശീലങ്ങൾ, രീതികൾ, പൈതൃകം എന്നിവ സംരക്ഷിക്കുന്നതും, പരമ്പരാഗത ചന്തകൾ, പ്രാദേശിക ഉത്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടു കൊണ്ടാണ് ദുബായ് മുനിസിപ്പാലിറ്റി റമദാൻ സൂഖ് ഒരുക്കിയിരിക്കുന്നത്.
റമദാന്റെ ഒരുക്കങ്ങൾക്കായി അവശ്യവസ്തുക്കളും ഉപകരണങ്ങളുമടക്കം സൂഖിൽ വിൽപനക്കെത്തിയിട്ടുണ്ട്. വ്യക്തിപരമായ ഉപയോഗത്തിനും വീട്ടാവശ്യത്തിനുമുള്ള വസ്തുക്കൾ ഇതിലുൾപ്പെടും. റമദാനുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും തൽസമയ ഷോകളും കുട്ടികൾക്കുള്ള പരിപാടികളും ഇവിടെ അരങ്ങേറും. റമദാന്റെ വരവറിയിച്ച് ദുബൈ മുനിസിപ്പാലിറ്റി എല്ലാ വർഷവും ഒരുക്കാറുള്ള സൂഖിൽ നിരവധിപേരാണ് എത്തുന്നത്.