യു.എ.ഇ. ക്ലീൻ-അപ് ക്യാമ്പയിനുമായി കൈകോർത്ത് എ.കെ.എം.ജി

Update: 2023-12-10 09:52 GMT

സുസ്ഥിരതയ്ക്കുള്ള യു.എ.ഇ. യുടെ പ്രതിബദ്ധതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് , എമിറേറ്റ്സ് എൻവയോൺമെന്റൽ ഗ്രൂപ്പ് സംഘടിപ്പിച്ച യു.എ.ഇ. ക്ലീൻ-അപ് ക്യാമ്പയിനിൽ അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജ്വേറ്റ്സ് ഓഫ് കേരള ( എ.കെ.എം.ജി. ) സജീവമായി പങ്കെടുത്തു. ഉമ്മുൽ ഖുവൈനിൽ സംഘടിപ്പിച്ച ഈ പരിപാടി, പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുകയും "ഇന്ന്, നാളേയ്ക്കായി " എന്ന യു.എ.ഇ. യുടെ സുസ്ഥിരതാ മുദ്രാവാക്യത്തെ പ്രയോഗവത്കരിക്കുകയും ചെയ്യുന്നു.

സംഘടനയുടെ പ്രസിഡന്റ് ഡോ. നിർമ്മല രഘുനാഥൻ വിഭാവനം ചെയ്ത "നമ്മുടെ ഭൂമി, നമ്മുടെ വീട്" എന്ന പ്രമേയത്തോടുള്ള പ്രതിബദ്ധത ഊന്നിപ്പറയാനാണ് എ.കെ.എം.ജി. ഈ പരിപാടിയിലെ പങ്കാളിത്തത്തിലൂടെ ശ്രമിക്കുന്നത്. എമിറേറ്റ്‌സ് എൻവയോൺമെന്റൽ ഗ്രൂപ്പിന്റെ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തബോധവും കരുതലും വളർത്തുക എന്ന സമഗ്രലക്ഷ്യവുമായി ഇത് ചേർന്നുനിൽക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് പ്രശസ്തമായ എമിറേറ്റ്സ് എൻവയോൺമെന്റൽ ഗ്രൂപ്പ്, കൃത്യമായ ആസൂത്രണത്തോടും നിർവ്വഹണത്തോടും കൂടി പരിപാടി മികവുറ്റതാക്കി.

കൂടുതൽ ശുചിത്വമാർന്ന യു.എ.ഇ.ക്കായുള്ള കൂട്ടായ ശ്രമം എന്ന നിലയിൽ മാത്രമല്ല, യുവതലമുറയ്ക്ക് പാരിസ്ഥിതിക അവബോധത്തിന്റെ അവശ്യ മൂല്യങ്ങൾ പകർന്നുനൽകുന്നതിനുള്ള ഒരു അവസരം എന്ന നിലയിലും ഈ ക്യാമ്പയിൻ സഫലമായി . യു.എ.ഇ ക്ലീൻ-അപ് ക്യാമ്പയിനിലെ എ.കെ.എം.ജി.യുടെ പങ്കാളിത്തം ആരോഗ്യ സംരക്ഷണ മേഖലയ്‌ക്കപ്പുറം സംഘടനയ്ക്കുള്ള സാമൂഹിക പ്രതിബദ്ധതയുടെ തെളിവായി നിലകൊള്ളുന്നു. ഇതുപോലുള്ള സംരംഭങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലൂടെ, എ.കെ.എം.ജി. സമൂഹത്തിന്റെ ഉന്നമനത്തിന് സംഭാവന ചെയ്യുക മാത്രമല്ല, മറ്റ് സംഘടനകൾക്ക് അനുകരിക്കാവുന്ന മാതൃകയാകുകയും ചെയ്യുന്നു.

Tags:    

Similar News